തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ക്ഷാമമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ. നിലവിൽ മാസ്കിനും സാനിറ്റൈസറിനും ക്ഷാമമില്ല. സർജിക്കൽ മാസ്ക്കുകളുടെ വില അഞ്ചിൽ നിന്ന് എട്ട് ആയി ഉയരുകയും ചെയ്‌തു.
സർക്കാർ നിർദേശിക്കുന്ന ഗുണനിലവാരമുള്ള എൻ 95, സർജിക്കൽ മാസ്കുകൾക്ക് വരും ദിവസങ്ങളിൽ ലഭ്യത കുറഞ്ഞേക്കാമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഈ മാസ്‌കുകൾ കേരളത്തിന് പുറത്തുള്ള വിതരണക്കാരാണ് എത്തിക്കുന്നത്. ലഭ്യതക്കുറവ് മുൻകൂട്ടിക്കണ്ട് ഒന്നിലേറെ വിതരണക്കാരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വ്യാപാരികൾ വ്യക്‌തമാക്കി.
തുണി മാസ്കുകൾ കേരളത്തിൽ തന്നെ ധാരാളമായി ലഭിക്കുന്നതിനാൽ ക്ഷാമമുണ്ടാവില്ല. കുടുംബശ്രീ യൂണിറ്റുകളും വിവിധ ചെറുകിട സംരംഭങ്ങളും വൈവിധ്യമുള്ള തുണി മാസ്കുകൾ സംസ്ഥാനത്തുടനീളം ഉൽപാദിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഇരട്ട മാസ്ക് നിർദേശിച്ചതോടെ എല്ലാത്തരം മാസ്കിന്‍റെയും വിൽപന കൂടിയിട്ടുമുണ്ട്.
അതേ സമയം സാനിറ്റൈസറിന് ക്ഷാമമുണ്ടാകുമെന്ന് വ്യാപാരികൾ കരുതുന്നില്ല. വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് അളവും ഗുണനിലവാരവും അനുസരിച്ച് വില വ്യത്യാസവുമുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേസമയം മാസ്കിന്‍റെ തുടർ ലഭ്യത ഉറപ്പാക്കാൻ വൈകാതെ സർക്കാർ ഇടപെടൽ വേണ്ടിവരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
Read more: കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ