തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം വരുന്നു. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, അത്ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഓരോ ടീമിലും 25 കുട്ടികൾ ഉണ്ടാകും. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്/എസ്‌ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
നഗരസഭ ഇവർക്കാവശ്യമായ പരിശീലനം നൽകും. ഇതൊരു സ്ഥിരം സംവിധാനമാക്കുന്നതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. കായിക താരങ്ങളുമായും കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്‌ധരുമായും സ്പോർട്‌സ് കൗൺസിൽ ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്‌ത് നടപ്പാക്കുമെന്നും മേയർ അറിയിച്ചു.