തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ വീണ വിജയന്‍റെ പക്ഷം പിടിക്കാനായി സിപിഎം ഔദ്യോഗികമായി പ്രസ്‌താവനയിറക്കിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അഫിഡവിറ്റില്‍ നിന്നും വ്യത്യസ്‌തമാണ് പുറത്ത് വന്ന രേഖകളെന്ന് അദ്ദേഹം പറഞ്ഞു. വീണ വിജയന്‍ പണം കൈപ്പറ്റിയത് കരാര്‍ വ്യവസ്ഥ പ്രകാരമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മാത്യു കുഴല്‍ നാടന്‍ എംഎല്‍എ.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ (ഓഗസ്റ്റ് 10) പുറപ്പെടുവിച്ച പ്രസ്‌താവന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ആവര്‍ത്തിച്ച് വായിച്ചായിരുന്നു എംഎല്‍എ സംസാരിച്ചത്. വീണ വിജയൻ സ്ത്രീയാണ്, അവര്‍ക്ക് വ്യക്തിത്വവുമുണ്ട്, അതിനെ ബഹുമാനിക്കുന്നു. അത്തരം പരിമിതികൾക്ക് ഉള്ളിൽ നിന്നാണ് എപ്പോഴും സംസാരിച്ചിട്ടുള്ളത്. മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവർ തന്നെ വിശദീകരണം നൽകണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചിരുന്നത്.
സിപിഎം നേരത്തെ ശക്തമായി സ്വീകരിച്ചിരുന്ന നിലപാടും ഇതു തന്നെയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്‌താവന വീണ വിജയന് വേണ്ടിയുള്ളതാണ്. വിഷയത്തില്‍ വീണയ്ക്ക് വേണ്ടിയാണ് സിപിഎം സംസാരിക്കുന്നത്. സിപിഎം ഔദ്യോഗികമായി വീണയുടെ ഭാഗം പിടിച്ചിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
വീണ വിജയന്‍റെ ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ അഞ്ചു സാമ്പത്തിക വർഷത്തേക്ക് സമർപ്പിച്ച അഫീഡവിറ്റിൽ 2016-17 സാമ്പത്തിക വർഷത്തിൽ 8,25,708 രൂപയുടെ ആസ്‌തിയുള്ളതായും 2017-18 സാമ്പത്തിക വർഷത്തിൽ 10,42,864 രൂപയും 2019-20 സാമ്പത്തിക വർഷത്തിൽ 30,72,749 രൂപയുടെ ആസ്‌തിയും ഉണ്ടെന്നാണ് അഫീഡവിറ്റ് നൽകിയിട്ടുള്ളത്. എന്നാൽ 2019-20 കാലയളവില്‍ 40 ലക്ഷം രൂപ വാങ്ങിയതായി ഇപ്പോൾ പുറത്ത് വന്ന ആദായ നികുതി വകുപ്പിന്‍റെ രേഖയിൽ പറയുന്നു. ഈ പണം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സത്യവാങ്‌മൂലത്തില്‍ സൂചിപ്പിച്ചിട്ടില്ല. അത് എന്ത് കൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടൻ എംഎല്‍എ പറഞ്ഞു.
പ്രതിപക്ഷം എന്ന നിലയിൽ മുഖ്യമന്ത്രിയുടെ മകളുടെ റീടെയ്‌ലർഷിപ്പിനെ കുറിച്ച് സിപിഎം വ്യക്തമാക്കണം. ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മക്കള്‍ക്ക് ജോലി ചെയ്യാൻ പാടില്ല എന്നല്ല പറയുന്നത്. നിയമസഭയിൽ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്‌തത് കൊണ്ട് തങ്ങള്‍ നിശബ്‌ദമാകില്ല.
സിപിഎം എന്ന പാർട്ടി ഇവിടെ ആകെ ഭയപ്പെട്ടിട്ടുള്ളത് ജനത്തെയായിരുന്നു. എന്നാൽ ഇന്ന് സിപിഎം ഭയപ്പെടുന്നത് പിണറായിയെയാണ്. സിപിഎമ്മിനെ പിണറായി ഭയം പിടികൂടിയിരിക്കുന്നു.
എകെ ബാലന്‍റെ പ്രസ്‌താവന സിപിഎമ്മിന്‍റെ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ്. പ്രതിപക്ഷത്തിന് സിപിഎമ്മിനെ ഭയമില്ല. മാസപ്പടി വിഷയത്തെ കുറിച്ച് വീണയോട് ചോദിക്കേണ്ട കാര്യമില്ല. എന്നാൽ വിഷയം സിപിഎം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇതിന് മറുപടി പറയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ സിപിഎം സെക്രട്ടേറിയറ്റ്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായി നടത്തിയ സേവന ലഭ്യതയ്‌ക്കുള്ള കരാറില്‍ ലഭിച്ച പണമാണ് വീണ കൈപ്പറ്റിയതെന്നാണ് സിപിഎം വാദം. ഇരു കമ്പനികളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വീണ പണം കൈപ്പറ്റിയത്. വാര്‍ഷിത അടിസ്ഥാനത്തില്‍ ലഭിക്കുന്ന പണത്തിന് വിശ്വാസ്യത ലഭ്യമാകുന്നതിനായാണ് മാസപ്പടിയായി ചിത്രീകരിച്ചതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നത്.