തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ കേരളത്തില്‍ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ടതില്ല. ഇതോടെ നവോഥാന നായകന്‍ എന്നതില്‍ നിന്ന് അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി.
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം കഴിയുംവരെ ഓര്‍ഡിനന്‍സ് ഒപ്പിടാതെ മാറ്റി വച്ച ഗവര്‍ണര്‍ മുഖ്യമന്ത്രി തിരച്ചെത്തിയതോടെ നിലപാട് മാറ്റി. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് വെറും സൗന്ദര്യ പിണക്കം മാത്രം. ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഒരു ബി.ജെ.പി നേതാവിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള മാധ്യമ വാര്‍ത്തകള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. ആ വാര്‍ത്ത ശരിയാണെങ്കില്‍ ഇതൊരു കൊടുക്കല്‍ വാങ്ങലാണ്.
Also Read: സര്‍ക്കാരിന് ആശ്വാസം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ക്കാനുള്ള ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതാരെന്ന് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും വൈകാതെ അതൊക്കെ വ്യക്തമാകുമെന്ന് ബി.ജെ.പിയെ പേരെടുത്ത് പരാമര്‍ശിക്കാതെ സതീശന്‍ പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടന്നത് ഒത്തു തീര്‍പ്പ് ചര്‍ച്ചകളാണ്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടാല്‍ കാര്യം നടക്കില്ലെന്ന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അറിയാം.
നിയമസഭാ സമ്മേളന തീയതി അനൗപചാരികമായി തീരുമാനിച്ച ശേഷം അതിനുള്ള വിജ്ഞാപനം നീട്ടിക്കൊണ്ടു പോയി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിലൂടെ മുഖ്യമന്ത്രിയും ഗവര്‍ണറും നിമയമസഭയെ അവഹേളിച്ചു. പ്രതിപക്ഷം നേരത്തേ പ്രഖ്യാപിച്ച പോലെ നിയപരമായി ഇതിനെ നേരിടുമെന്നും സതീശന്‍ പറഞ്ഞു.