തിരുവനന്തപുരം: ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മങ്ങാട്ടുപാറയ്ക്ക് സമീപത്തുള്ളവര്‍ ആശങ്കയിലാണ്. 15 ഏക്കർ ഭൂമി സ്വകാര്യ വ്യക്തിക്ക് ഖനനത്തിന് പത്ത് വര്‍ഷത്തേക്ക് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയതാണ് പ്രദേശത്തെ ആകെ ഭീതിയിലാക്കുന്നത്. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റവന്യു ഭൂമിയായ മങ്ങാട്ടുപാറ സ്വകാര്യ വ്യക്തിക്ക് ഖനനത്തിനായി പത്ത് വര്‍ഷത്തേക്ക് ലീസിനു നല്‍കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള അതീവ പരിസ്ഥിതി ലോലപ്രദേശമായ മങ്ങാട്ടുപാറയില്‍ ഖനനം നടത്തിയാല്‍ കവളപ്പാറയും പുത്തുമലയും ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
എണ്ണുറോളം കുടുംബങ്ങളാണ് മങ്ങാട്ടുപാറയ്ക്ക് താഴെ താമസിക്കുന്നത്. ഖനനത്തിന് അനുമതി കൊടുത്ത നടപടിക്കെതിരെ ആക്ഷന്‍ കൗണ്‍സിലിൻ്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമരം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. മങ്ങാട്ടുപാറയ്ക്ക് സമീത്താണ് അതീവ സുരക്ഷ മേഖലയായ വലിയമല ഐ എസ് ആര്‍ ഒ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള കുന്നുകളില്‍ രണ്ടു ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസൂത്രണരേഖ പ്രകാരം ഏതു നിമിഷവും ഉരുള്‍പൊട്ടലുണ്ടാകാൻ സാധ്യതയുള്ള മേഖലയായ നെടുമങ്ങാട് താലൂക്കിലാണ് മങ്ങാട്ടുപാറ.