തിരുവനന്തപുരം: മണക്കാട് കൊവിഡ് രോഗം സ്ഥിരീകരിച്ച മൊബൈൽ ഷോപ്പ് ഉടമയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മലപ്പുറം സ്വദേശിയായ ഇയാൾക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത് . മലപ്പുറം നിലമ്പൂരിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് ഇയാൾ കൊച്ചിയിൽ രണ്ട് ദിവസം താമസിച്ചിരുന്നു. ജൂൺ ഒന്നാം തിയ്യതി മുതൽ മൂന്നാം തിയ്യതി വരെയാണ് ഇയാൾ കൊച്ചിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ വിവിധയിടങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.
കലൂർ, ഇടപ്പള്ളി, ബോൾഗാട്ടി, മറൈൻ ഡ്രൈവ്, തുടങ്ങിയ ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു സന്ദർശനം. മൂന്നാം തിയതി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്ത് പെട്രോൾ പമ്പിലെ ശുചിമുറിയും ഉപയോഗിച്ചു. വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിയ ഇയാള്‍ തുടർന്നുള്ള ദിവസങ്ങളിൽ മണക്കാടുള്ള ഉള്ള മൊബൈൽ ഫോൺ കടയിലും സമീപത്തെ ഹോട്ടലുകളിലും എത്തി. വഞ്ചിയിലെ മൊബൈൽ കടയിൽ തിരക്ക് കൂടുതലായതിനെ തുടര്‍ന്ന് ഒമ്പതാം തിയതി ഫോർട്ട് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇതേത്തുടർന്ന് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജൂൺ 10,11 തിയതികളിൽ ഇയാൾ ചാല മാർക്കറ്റിലും ബീമാപള്ളിയിലും എത്തി. 13 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടത്. തിങ്കളാഴ്ചത്തെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. റൂട്ട് മാപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സമയത്ത് പ്രസ്തുത സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കാനാണ് റൂട്ട് മാപ്പ് പുറത്തു വിട്ടത്.