തിരുവനന്തപുരം: മലയാള ചിത്രം മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക് വിഖ്യാതമായ കാൻ ചലച്ചിത്ര മേളയിലേക്ക്. തീവ്രവാദ ആക്രമണങ്ങളുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ ജീവിതത്തിന്‍റെ ഗതിമാറിയവരുടെ കഥയാണ് ചിത്രം പറയുന്നത്. തിരുവനന്തപുരം സ്വദേശി ആത്മബോധാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്. ഒറ്റപ്പെട്ടതും അകറ്റപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ ബാല്യത്തിന്‍റെ ഓർമ്മകളിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ആത്മബോധിന്‍റെ ആദ്യ ഫീച്ചർ ചിത്രമാണ് മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്.
20 പേരടങ്ങുന്ന സംഘം ഒരാഴ്ചകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യമായി അഭിനയിച്ച ചിത്രം അന്തർദേശിയ മേളയിലെത്തിയതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച പൗർണമി ഗോപൻ. എൽ അനിൽ കുമാറാണ് ചിത്രം നിർമ്മിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കാൻമേളയിൽ മത്സര വിഭാഗം ഉപേക്ഷിച്ചിരിക്കുകയാണ്. മേളയുടെ മാർക്കറ്റ് പ്രീമിയറിലാണ് മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക് പ്രദർശിപ്പിക്കുക.