തിരുവനന്തപുരം: പുതിയ അധ്യയന വർഷം പാഠപുസ്‌തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്താത്തതിനെതിരെ സെക്രട്ടേറിയറ്റിനു മുമ്പിൽ സേവ് എഡ്യുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. മുൻവർഷം അക്ഷരമാല ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ അക്ഷരമാല ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായിട്ടില്ല.
പാഠപുസ്‌തകങ്ങളുടെ അച്ചടി നേരത്തെ തുടങ്ങിയതിനാൽ കൈപ്പുസ്‌തകമായോ പുസ്‌തകത്തിൽ പിൻചെയ്യുന്ന തരത്തിലോ അക്ഷരമാല നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞതും നടപ്പായില്ല. ഇതോടെയാണ് സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രവർത്തകർ സമരം തുടങ്ങിയത്. ഭാഷ ഒഴിവാക്കിയുള്ള വിദ്യാഭ്യാസം അശാസ്‌ത്രീയമാണെന്നും അക്ഷരമാല പുസ്‌തകത്തിൽ തിരികെ കൊണ്ടുവരണമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി കേരള ചാപ്റ്റർ ആവശ്യപ്പെട്ടു.