തിരുവനന്തപുരം : ചലച്ചിത്രതാരം കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം 200ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
കെഎസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖം കൊച്ചുപ്രേമനെ അലട്ടിയതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് ഉച്ചഭക്ഷണ ശേഷം വിശ്രമിക്കുന്നതിനിടയില്‍, ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
പ്രൊഫഷണല്‍ നാടകങ്ങളിലടക്കം സജീവമായിരുന്ന കൊച്ചുപ്രേമന്‍റെ ആദ്യ ചിത്രം ഏഴുനിറങ്ങളാണ്. ഹാസ്യ വേഷങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം ചില ഗൗരവമേറിയ വേഷങ്ങളിലൂടെയും വിസ്‌മയിപ്പിച്ചിരുന്നു. നടിയായ ഗിരിജയാണ് ജീവിത പങ്കാളി. മകന്‍ - ഹരികൃഷ്‌ണന്‍.
ഭൗതിക ദേഹം വസതിയിലേക്ക് മാറ്റി : കൊച്ചുപ്രേമന്‍റെ ഭൗതിക ശരീരം സ്വകാര്യ ആശുപത്രിയില്‍ നിന്നും വലിയവിളയിലെ വസതിയിലേക്ക് മാറ്റി. കൊച്ചുപ്രേമന്‍റെ മരണവിവരമറിഞ്ഞ് സിനിമാരംഗത്തെ നിരവധി പ്രവര്‍ത്തകരാണ് ഇടപ്പഴിഞ്ഞിയിലുള്ള എസ്‌കെ ഹോസ്‌പിറ്റലില്‍ എത്തിയത്.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് ശാന്തി കവാടത്തില്‍ നടക്കും. നിലവിൽ വലിയവിളയിലെ വസതിയിലാണ് ഭൗതിക ശരീരമുള്ളത്. ഇവിടത്തെ ചടങ്ങുകൾക്ക് ശേഷം നാളെ രാവിലെ 11 മണിമുതൽ 12 മണി വരെ ഭാരത്‌ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. കേരള ചലച്ചിത്ര അക്കാദമിയുടേയും ഭാരത് ഭവന്‍റേയും നേതൃത്വത്തിലാണ് ഇവിടെ പൊതുദർശനത്തിന് വയ്ക്കുക. ജനപ്രതിനിധികൾ, കലാസാംസ്‌കാരിക പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിവർ അന്തിമോപചാരമര്‍പ്പിക്കും.