തിരുവനന്തപുരം : 'നമ്മള്‍ പിരിക്കും ടാക്‌സെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്നതാണ് സിപിഎമ്മിന്‍റെ പുതിയ മുദ്രാവാക്യമെന്ന് നിയമസഭയില്‍ പരിഹസിച്ച് എം.വിന്‍സെന്‍റ് എംഎൽഎ. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പ്; ആരെയും സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍
'നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്നതായിരുന്നു സിപിഎം മുമ്പ് പാടിയിരുന്നതെങ്കില്‍ 'നമ്മള്‍ പിരിക്കും ടാക്‌സെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്നാണ് പിന്‍മുറക്കാര്‍ പാടുന്നത്.
നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ 65000 രൂപ ശുചീകരണ ജീവനക്കാര്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങിയതിന് ചെലവായെന്ന് കണക്കുണ്ടാക്കിയവരാണ് തിരുവനന്തപുരം നഗരസഭ ഭരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് എന്ത് പൊറോട്ട, എന്ത് ചിക്കന്‍ എന്നും വിന്‍സന്‍റ് പരിഹസിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ എല്ലാ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.