തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം നൽകിയത്. ലോകായുക്ത കേസിൽ സർക്കാരിന്‍റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചില്ലെന്നും ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാം എന്നുമാണ് എജി സർക്കാരിനെ അറിയിച്ചത്. ലോകായുക്തയുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും സിവിൽ കോടതി സ്വീകരിക്കേണ്ടതുപോലുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടതെന്നും നിയമോപദേശത്തിൽ പറയുന്നു.
കെ ടി ജലീലിലിന്‍റെ നിർദേശപ്രകാരമാണ് ബന്ധു നിയമനമെങ്കിലും യോഗ്യതയിൽ ഇളവ് വരുത്തി തീരുമാനമെടുത്തത് സർക്കാരാണ്. നടപടിക്രമങ്ങളിൽ പങ്ക് ഉള്ളതിനാൽ സർക്കാരിന്‍റെ ഭാഗം കൂടി കേൾക്കണം. ഇത് പരിഗണിക്കാതെയാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചതെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിയമോപദേശം പരിഗണിച്ച് ലോകായുക്ത ഉത്തരവിനെതിരെ റിട്ട് ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ ജനറൽ മാനേജർ ആയി നിയമിച്ച നടപടിയിലാണ് കെ ടി ജലീലിന് എതിരെ ലോകായുക്ത വിധി വന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.