തിരുവനന്തപുരം: കേരള തദ്ദേശ സ്വയംഭരണ പൊതുസര്‍വിസ് ബില്‍ നിയമസഭ പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനാണ് പുതിയ നിയമ നിര്‍മാണം. ഇതിനായി വകുപ്പിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനങ്ങളെ ഏകീകരിച്ച് ഒറ്റ സര്‍വിസായി മാറ്റി.
നിലവില്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തല പിന്തുണയ്‌ക്കും ഏകോപനത്തിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് തിരിഞ്ഞ് സമീപിക്കേണ്ട സ്ഥിതിക്കാണ് ഇതിലൂടെ മാറ്റം വരിക. ഗ്രാമപഞ്ചായത്തുകള്‍ പഞ്ചായത്ത് വകുപ്പ് എന്ന നിലയിലും, ബ്ലോക്ക് പഞ്ചായത്തുകള്‍ ഗ്രാമവികസന വകുപ്പ് എന്ന നിലയിലും നഗരസഭകള്‍ നഗരകാര്യ വകുപ്പ് എന്ന നിലയിലുമാണ് നിലവില്‍ ബന്ധപ്പെടുന്നത്. എഞ്ചിനീയറിങും ടൗണ്‍ പ്ലാനിങും വേറെ വകുപ്പാണ്.
സര്‍ക്കാര്‍ ലക്ഷ്യം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ സര്‍ക്കാരിനും വ്യത്യസ്‌ത വകുപ്പുകളിലൂടെ നടപടി സ്വീകരിക്കേണ്ടി വരുന്നു. ഒരേ പ്രദേശത്ത് യോജിച്ച നിലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആ നിലയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ നിലവില്‍ പ്രയാസങ്ങളുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള ജോയിന്‍റ് കമ്മിറ്റികള്‍ ഇതേ കാരണം കൊണ്ട് സജീവമല്ല. ഇവയെല്ലാം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവിലുള്ള അഞ്ച് വകുപ്പുകളിലെ ജീവനക്കാരുടെ സര്‍വിസ് നിലനില്‍ക്കുന്നത് വ്യത്യസ്‌തങ്ങളായ സര്‍വിസ് ചട്ടങ്ങളിലൂടെയാണ്.
1968ലെ കേരള പബ്ലിക് സര്‍വിസ് നിയമത്തിനും 1994ലെ പഞ്ചായത്ത് രാജ് ആക്‌ട്, മുന്‍സിപ്പാലിറ്റി ആക്‌ട് തുടങ്ങിയ നിയമങ്ങള്‍ക്ക് കീഴിലുമാണ് ഈ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. പൊതുവായ സര്‍വിസ് രൂപീകരിക്കുന്നതിന് നിലവിലുള്ള അഞ്ച് വകുപ്പുകളിലെയും ജീവനക്കാരുടെ നിയമനരീതികളും സേവന വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന അവരുടെ സ്‌പെഷ്യല്‍ റൂളുകള്‍ റദ്ദ് ചെയ്‌തുകൊണ്ട് ഏകീകൃത വകുപ്പിനാവശ്യമായ സ്റ്റേറ്റ്-സബോര്‍ഡിനേറ്റ് സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.
നിയമങ്ങളില്‍ ഭേദഗതി: സബ്‌ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരത്തോടെ റൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. പ്രസ്‌തുത ചട്ടങ്ങള്‍ നിയമപരമായി വിജ്ഞാപനം ചെയ്യുന്നതോടെ അഞ്ച് വകുപ്പുകള്‍ ഇല്ലാതാകുകയും പുതിയ വകുപ്പ് നിലവില്‍ വരികയും ചെയ്യും. ഇങ്ങനെ അഞ്ച് വകുപ്പുകള്‍ ഏകീകരിച്ച് പുതിയ സര്‍വിസ് നിലവില്‍ വരുമ്പോള്‍ തദ്ദേശ സ്വയംഭരണ സര്‍വിസുമായി ബന്ധപ്പെട്ട് നിലവിലുള്ള ചില നിയമങ്ങളില്‍ ഭേദഗതി വരും.
1994ലെ കേരള പഞ്ചായത്ത് രാജ് ആക്‌ട്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട്, 2016ലെ കേരള നഗര ഗ്രാമാസൂത്രണ ആക്‌ട് എന്നിവയിലെ ചില വ്യവസ്ഥകള്‍ അതത് നിയമങ്ങളില്‍ വെവ്വേറെ ഭേദഗതി ചെയ്യുന്നതിന് പകരമായാണ് ഏകീകൃത വകുപ്പിനും സര്‍വിസിനുമുള്ള ഒരു പൊതുബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ കൂടി പിന്തുണയോടെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്.
Also read: ലഹരി ഉപയോഗവും വ്യാപാരവും: കർശന നടപടികളുമായി സർക്കാർ