തിരുവനന്തപുരം: ബില്ലുകൾ സമയത്ത് മാറ്റി നൽകാതെ തദ്ദേശഭരണ സ്ഥാപനങ്ങളെ സർക്കാർ ഞെരിച്ചു കൊല്ലുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയി. ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയത്. എന്നാൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ കൊടുത്തുതീർക്കാനുള്ള എല്ലാ ബില്ലുകളും പത്ത് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബില്ലുകൾ മുഴുവൻ കൊടുത്തുതീർക്കുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് 52 ശതമാനമാകുമെന്നും ധനമന്ത്രി അറിയിച്ചു.
1,021 കോടി രൂപയുടെ ബില്ലുകൾ മാറ്റി നൽകാനുള്ളതുമൂലം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം തകിടം മറിഞ്ഞതായി ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ.സി.ജോസഫ് ആരോപിച്ചു. എന്നാൽ ബില്ല് മാറ്റി നൽകുന്നതിനുള്ള ഉത്തരവ് ജനുവരി 24ന് പുറത്തിറങ്ങിയിട്ടുണ്ട്. പണവിതരണം ഉടൻ ആരംഭിക്കും. പ്രതിപക്ഷം ഇല്ലാത്ത പ്രതിസന്ധിയുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.