തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ച കൊല്ലം പത്തനാപുരം സ്വദേശി നദീറയുടെ കുടുംബത്തിന് ധന സഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം. നദീറയുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആര്‍സിസിയില്‍ അമ്മയുടെ ചികിത്സക്കെത്തിയപ്പോഴാണ് നദീറ അപകടത്തില്‍പെട്ടത്. അറ്റകുറ്റപണിക്കായി പ്ലാറ്റ്‌ഫോം നീക്കിയ ലിഫ്റ്റില്‍ അബദ്ധത്തില്‍ കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. മുന്‍കരുതല്‍ നിര്‍ദേശങ്ങളോ ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കുടുബത്തിന്‍റെ ദയനീയ അവസ്ഥ കൂടി പരിഗണിച്ചാണ് നഷ്‌ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്
ചികിത്സാ പിഴവ് മൂലം മരണമടഞ്ഞ ബിന്ദുവിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം
. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്‍റെ ഭര്‍ത്താവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൂടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ രണ്ട് ലക്ഷം രൂപ പ്രവീണിന് അനുവദിച്ചിരുന്നു.
മറ്റ് മന്ത്രിസഭ തീരുമാനങ്ങൾ
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. സര്‍വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാനും തീരുമാനമായി. ശമ്പള പരിഷ്‌കരണത്തിനോടൊപ്പം 1.07.2019 മുതല്‍ പെന്‍ഷന്‍ പരിഷ്‌ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ ഒന്ന് മുതല്‍ പരിഷ്‌ക്കരിച്ച പ്രതിമാസ പെന്‍ഷന്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും.
READ MORE: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ യുവതി മരിച്ചു