തിരുവനന്തപുരം: ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് എകെജി സെന്‍ററിൽ ചേരും. മുന്നണി വിപുലീകരണമാണ് യോഗത്തിലെ പ്രധാന അജണ്ട. കേരള കോൺഗ്രസ് എമ്മിനെ കൂടി ഉൾപ്പെടുത്തി മുന്നണിയിലെ ഘടകകക്ഷികളുടെ എണ്ണം 11 ആക്കുന്നതിനെ കുറിച്ച് ഇന്നത്തെ മുന്നണി യോഗം വിശദമായി ചർച്ച ചെയ്യും. രാഷ്ട്രീയനിലപാട് മാറി എൽഡിഎഫിന്‍റെ നിലപാടുകളിലേക്കെത്തുന്ന ജോസ്.കെ.മാണി വിഭാഗത്തെ ഉൾപ്പെടുത്തുന്നതിൽ നിലവിൽ ഒരു ഘടകക്ഷികൾക്കും എതിർപ്പില്ല.
കേരള കോൺഗ്രസ് എമ്മിന്‍റെ കാര്യത്തിൽ എന്നും എതിരഭിപ്രായം പറഞ്ഞിട്ടുള്ള സിപിഐ നിലപാട് മാറ്റിയിട്ടുണ്ട്. ഇടതു മുന്നണിയുടെ പൊതു തീരുമാനത്തോട് നിൽക്കാം എന്നാണ് സിപിഐ കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനം ഉറപ്പാണ്. പാലാ സീറ്റ് വിട്ടു നൽകേണ്ടി വരുമെന്നതാണ് എൻസിപിക്കുള്ള എതിർപ്പ്. ഇക്കാര്യത്തിൽ സമവായം കണ്ടെത്തുന്നത് ഇടതുമുന്നണിക്ക് തലവേദനയാകും.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രവർത്തിക്കുക എന്ന നിലപാടാണ് സിപിഎമ്മിനും സിപിഐക്കും ഉള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ കാര്യം എപ്പോൾ ആലോചിക്കാമെന്നും മുന്നണി യോഗത്തിൽ സിപിഎം അറിയിക്കും. മധ്യകേരളത്തിലെ കേരള കോൺഗ്രസ് എമ്മിന്‍റെ സ്വാധീനം ഭരണത്തെ കൂടുതൽ ശക്തമാക്കും എന്നാണ് സിപിഎം നിലപാട്. ഇക്കാര്യം ഇടതുമുന്നണി യോഗം അംഗീകരിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഇന്നത്തെ യോഗത്തിനുശേഷം തന്നെ കേരള കോൺഗ്രസ് എമ്മിന്‍റെ പ്രവേശനം പ്രഖ്യാപിച്ചേക്കും. റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ എതിരഭിപ്രായം സിപിഐ യോഗത്തിൽ ഉന്നയിക്കും. ഇക്കാര്യത്തിൽ വിശദമായ ചർച്ച മുന്നണിക്കുള്ളിൽ നടക്കണമെന്നാണ് സിപിഐ നിലപാട്.