തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സർക്കാർ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ഇന്ന് 11.30ന് എകെജി സെന്‍ററിലാണ് യോഗം ചേർന്നത്. ഗവർണർ സർക്കാർ പോര് തുടരുന്ന സാഹചര്യത്തിലാണ് യോഗം.
കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യ പ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. സർവകലാശാലയിൽ വിസിമാരെയടക്കം ഇഷ്‌ടക്കാരെ ചട്ടം ലംഘിച്ച് നിയമിക്കുന്നതിൽ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത എതിർപ്പാണ് ഉയർത്തിവരുന്നത്.
സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വായിച്ചാണ് ഏറ്റവും ഒടുവിൽ സർക്കാരിന് ഗവർണർ മുന്നറിയിപ്പ് നൽകുന്നത്. നിലവിലെ സാഹചര്യങ്ങളിൽ മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് യോഗം ചേരുന്നത്.