തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മാർച്ചിന് പിന്നാലെ ഇന്ന് ഡിജിപി ഓഫീസിലേക്ക് കെ എസ് യു മാർച്ച് (KSU march to DGP office). നവകേരള സദസ് യാത്രയ്‌ക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും സിപിഎം പ്രവർത്തകരും ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച്. പൊലീസ് പിണറായിയുടെ അടിമക്കൂട്ടമാവുന്നു എന്നാരോപിച്ചാണ് കെ എസ് യുവിന്‍റെ പ്രതിഷേധ മാര്‍ച്ച്.
ഇന്നലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുള്ള തെരുവ് യുദ്ധത്തിനാണ് നഗരം സാക്ഷ്യംവഹിച്ചത്. ഇന്നും നഗരം യുദ്ധക്കളമാകാനുള്ള സാഹചര്യമാണുള്ളത്. കേരളത്തിലെ പൊലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയാണെന്നും മുഴുവൻ പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ (നവംബർ 20) നടന്ന മാർച്ചിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരുന്നു. പ്രവർത്തകർ പൊലീസിന് നേരെ വടികളും കല്ലും എറിഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. സംഘർഷത്തിൽ നിരവധി പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തി കൊണ്ട് തലയ്ക്ക് അടിയേറ്റിരുന്നു.
Also read :യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്: പ്രതിഷേധം ശക്തം
രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. പുരുഷ പൊലീസ് വനിതാ പ്രവർത്തകരെ മർദിച്ചതായും അവരുടെ വസ്ത്രം വലിച്ചുകീറിയതായും ആരോപണമുണ്ട്.