തിരുവനന്തപുരം: ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ വി പി മഹേദവന്‍പിള്ളയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാജ്ഭവന് മുന്നിലെ അതീവസുരക്ഷാമേഖലയിലാണ് കെഎസ്‌യു പ്രതിഷേധം നടന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിസിയെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് കെഎസ്‌യു പ്രവര്‍കത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. രാജ്ഭവൻ പ്രധാന ഗേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. വനിതകൾ ഉൾപ്പെടെയുള്ള പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം വിസിയെ തടഞ്ഞുവച്ചു. വിസി രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
അതീവസുരക്ഷാ മേഖലയില്‍ പ്രതിഷേധം നടക്കുമ്പോള്‍ വിസിക്ക് എസ്‌കോര്‍ട്ടായെത്തിയ വാഹനത്തിലെ രണ്ട് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഇതിനിടെ ശക്തമായി. കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് വിസി മടങ്ങിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ വെള്ളയമ്പലത്തുവെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് ചെറിയ സംഘർഷത്തിന് ഇടയാക്കി. രണ്ട് പ്രവര്‍ത്തകരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്.