തിരുവനന്തപുരം: മിന്നൽ പണിമുടക്കിന് കാരണക്കാരായ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ തല്‍ക്കാലം നടപടിയില്ല. നടപടിയെടുത്താൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് തൽക്കാലം നടപടികൾ ഒഴിവാക്കിയത്.
ജില്ലാ കലക്ടർ, ട്രാൻസ്പോർട്ട് കമ്മീഷണർ, കെഎസ്ആർടിസി എം.ഡി എന്നിവരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രി എ. കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തെങ്കിലും പൂർണ റിപ്പോർട്ടിനായി കാത്തിരിക്കാനാണ് തീരുമാനം. ഒമ്പതിന് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടപടി നിർണയിക്കുമെന്നും മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.