തിരുവനന്തപുരം: പുതിയ പരീക്ഷണങ്ങളോടെ മുഖം മിനുക്കി കെഎസ്ആർടിസി - സ്വിഫ്റ്റിൻ്റെ പുതിയ ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ്. നിരവധി പ്രത്യേകതകളുമായാണ് ബസ് നിരത്തിലേക്കെത്തുന്നത്.
കാഫ് സപ്പോർട്ടുള്ള സെമി സ്ലീപ്പർ സീറ്റുകൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പിൻവശത്ത് രണ്ട് എമർജൻസി എക്‌സിറ്റ് വാതിലുകൾ, എല്ലാ സീറ്റിന് മുകളിലും റീഡിങ് ലൈറ്റുകൾ, അടിയന്തര സാഹചര്യങ്ങൾ ഡ്രൈവറെ അറിയിക്കാൻ പാനിക് ബട്ടൺ, നാല് സിസിടിവി കാമറകൾ, മ്യൂസിക് സിസ്റ്റം, 32 ഇഞ്ച് എൽഇഡി ടിവി ഇങ്ങനെ നീളുന്നു കെഎസ്ആർടിസി - സ്വിഫ്റ്റിൻ്റെ പുതിയ ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസിൻ്റെ പ്രത്യേകതകൾ.
സീറ്റിങ് സൗകര്യങ്ങൾ : എടുത്തു പറയേണ്ടത് ബസിൻ്റെ സീറ്റിങ് സൗകര്യം തന്നെ. ഒരു വശത്ത് രണ്ട് സീറ്റുകളും മറു വശത്ത് ഒരു സീറ്റുമുൾപ്പെടെ 27 സീറ്ററുകളും 15 ബർത്തുകളുമാണ് ബസിലുള്ളത്. എല്ലാ സീറ്റുകളിലുമായി 42 മൊബൈൽ ചാർജിങ് പോർട്ടുകളുണ്ട്. ഒരു പോർട്ടിൽ നിന്ന് രണ്ട് ഫോണുകൾ ചാർജ് ചെയ്യാനാകും. ഡ്രൈവർ ക്യാബിനിലും കോ ഡ്രൈവർക്ക് വിശ്രമിക്കാൻ ബർത്ത് സജ്ജമാക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളുടെ മുന്നിലും മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ചും ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസും ഉണ്ട്. വായനക്കാർക്കായി എല്ലാ സീറ്റിന് മുകളിലും റീഡിങ് ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഓരോ എ സി, നോൺ എ സി ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസുകളാണ് ആനയറയിലെ സ്വിഫ്റ്റിൻ്റെ ആസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. എസി ബസിന് 50.21 ലക്ഷം രൂപയും നോൺ എസി ബസിന് 42.99 ലക്ഷം രൂപയുമാണ് വില. സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ചാണ് ഹൈബ്രിഡ് ബസുകൾ വാങ്ങിയത്. 12 മീറ്റർ അശോക് ലൈലാന്‍റ് ഷാസിയിൽ, ബിഎസ് 6 ചേയ്‌സിലുമായി എസ് എം കണ്ണപ്പ ബാഗ്ലൂർ ആണ് ബസ് നിർമിച്ചിരിക്കുന്നത്.
എയർ സസ്പെൻഷനാണ് ബസിൻ്റെ മറ്റൊരു പ്രത്യേകത. 200 എച്ച് പി പവറിലാകും ബസ് കുതിക്കുക. ബസിൻ്റെ നാല് വശത്തും ഡിസ്പ്ലേ ബോർഡുണ്ട്. ജിപിഎസ് സംവിധാനവും ബസിലുണ്ട്.
സർവീസ് ആരംഭിക്കുന്നത് ചിങ്ങം ഒന്നിന് : ഓഗസ്റ്റ് 17 (ചിങ്ങം 1) മുതൽ സർവീസ് ആരംഭിക്കുമെന്നാണ് സ്വിഫ്റ്റ് അധികൃതർ അറിയിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ഒരു എ സി ബസും ഒരു നോൺ എ സി ബസുമാണ് പരീക്ഷണാർഥത്തിൽ സർവീസ് നടത്തുക. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി സാമ്പത്തിക പ്രതിസന്ധി എന്ന നിലയില്ലാ കയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കെഎസ്ആർടിസിയെ എങ്ങനെയും കരയ്ക്കടുപ്പിക്കുകയാണ് പുത്തൻ പരിഷ്‌കാരങ്ങളിലൂടെ മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്.
Also read : KSRTC Swift Bus | സ്വിഫ്‌റ്റില്‍ ഇനി വനിത ഡ്രൈവര്‍മാര്‍; രണ്ടാഴ്‌ചക്കകം പരിശീലനം പൂര്‍ത്തിയാക്കുക 4 പേര്‍