തിരുവനന്തപുരം : സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ വരുമാനക്കണക്ക് പുറത്തുവിട്ട് സർക്കാർ. ഒരു മാസത്തിനിടെ 549 ബസുകൾ 55,775 യാത്രക്കാരുമായി നടത്തിയ 1,078 യാത്രകളിൽ നിന്ന് 3,01,62,808 രൂപയാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ വരുമാനം. നിലവിലെ കണക്കനുസരിച്ച് സ്വിഫ്റ്റ് ബസ് സർവീസ് വൻ വിജയമാണെന്നും സർക്കാർ അവകാശപ്പെടുന്നു.
സീസൺ സമയങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സ്വിഫ്റ്റ് ബസുകളുടെ എണ്ണവും ട്രിപ്പും കൂട്ടുന്നത് കെഎസ്ആർടിസി പരിഗണിക്കുന്നുണ്ട്. നിലവിൽ നോൺ എസി വിഭാഗത്തിൽ പതിനേഴും എസി സീറ്റർ വിഭാഗത്തിൽ അഞ്ചും എസി സ്ലീപ്പർ വിഭാഗത്തിൽ നാലും സർവീസുകളാണുള്ളത്.
കോഴിക്കോട് - ബെംഗളൂരു രണ്ട് ട്രിപ്പും കണിയാപുരം - ബെംഗളൂരു, തിരുവനന്തപുരം - ബെംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം സര്‍വീസ് നടത്തുന്നത്. എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്- ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സർവീസും പത്തനംതിട്ട- ബെംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്.
Also Read: കെ സ്വിഫ്‌റ്റിന്‍റെ 10 ദിവസത്തെ വരുമാനം 61 ലക്ഷം രൂപ ; 100 ബസുകൾ കൂടി ഉടനെത്തും
നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂർ ഒന്ന്, നിലമ്പൂർ- ബെംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്പൂർ ഒന്ന്, തിരുവനന്തപുരം- സുൽത്താൻ ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂർ ഒന്ന്, പത്തനംതിട്ട- മംഗലാപുരം ഒന്ന്, പാലക്കാട്- ബെംഗളൂരു ഒന്ന്, കണ്ണൂർ- ബെംഗളൂരു ഒന്ന്, കൊട്ടാരക്കര- കൊല്ലൂർ ഒന്ന്, തലശ്ശേരി- ബെംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂർ ഒന്ന്, തിരുവനന്തപുരം- മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.