തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിന് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്‍റണി രാജുവും കെഎസ്ആര്‍ടിസി, സിഎംഡി ബിജു പ്രഭാകറും ഇന്ന് മുഖ്യമന്ത്രിയെ കാണും. സെപ്റ്റംബര്‍ 1ന് മുമ്പ് രണ്ട് മാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവബത്തയും നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ചാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്.
ശമ്പളം നല്‍കാന്‍ 103 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ സര്‍ക്കാര്‍ കൈമാറിയിട്ടില്ല. ഓണത്തിന് മുമ്പ് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ സാധ്യത തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നല്‍കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണമെന്ന ആവശ്യം നടപ്പാക്കുന്നതിനായുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
12 മണിക്കൂര്‍ സിഗിള്‍ ഡ്യൂട്ടിയെന്നതില്‍ തൊഴിലാളികളെ അനുനയിപ്പിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി തന്നെ തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. മുടങ്ങിക്കിടന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും.