തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവർക്കടക്കം ലോക്ക് ഡൗൺ കാലത്ത് ശമ്പളം ലഭ്യമാകുമ്പോൾ എംപാനൽ ജീവനക്കാരെ അവഗണിച്ച് കെഎസ്‌ആർടിസി. സർവീസുകൾ നിർത്തിയതോടെ ഡ്യൂട്ടിയില്ലാതായ എംപാനൽ ജീവനക്കാർക്ക് ശമ്പളം നൽകാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്‍റ്. ലോക്ക് ഡൗൺ കാലത്തെ മുഴുവൻ ശമ്പളവും നൽകാൻ ആവശ്യമായ ഫണ്ടില്ലാത്തതിനാലാണ് എംപാനൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിശദീകരണം. കെഎസ്ആർടിസിയിലെ മറ്റ് ജീവനക്കാരെ പോലെ ലോക്ക് ഡൗൺ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നൽകുമെന്നായിരുന്നു എംപാനൽ ജീവനക്കാരുടെ പ്രതീക്ഷ.
കൊവിഡിനെ തുടർന്ന് സർവീസുകൾ വെട്ടിക്കുറച്ചും ലോക്ക് ഡൗണോടെ താല്‍കാലികമായി സർവീസുകൾ നിർത്തിവച്ചതും കാരണം കെഎസ്‌ആർടിസിയുടെ വരുമാനം നിലച്ചു. ഇതിനെ തുടർന്ന് ശമ്പളം നൽകാനായി സർക്കാർ 70 കോടി കെഎസ്‌ആർടിസിക്ക് അനുവദിച്ചു. എന്നാൽ ശമ്പളം മുഴുവനായി നൽകാൻ 73 കോടി വേണം. ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എംപാനൽകാരെ ശമ്പള വിതരണത്തിൽ നിന്നും ഒഴിവാക്കിയത്. സ്ഥിരം ജീവനക്കാരെ മാര്‍ച്ച് 15 വരെയുള്ള ഹാജർ കണക്കാക്കി ശമ്പളം നൽകും. ഇതോടെ ഭൂരിഭാഗം എംപാനൽകാർക്കും 5000 രൂപക്ക് താഴെ മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. അധിക ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടില്ലെന്ന് ധനകാര്യ വിഭാഗവും വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നൽകണമെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് എംപാനൽകാർക്ക് ഈ അവഗണന.