തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി സർക്കുലർ സർവീസുകൾക്കായി വാങ്ങിയ ഇലക്‌ട്രിക്ക് ബസുകൾ വൻ വിജയമായ സാഹചര്യത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റിനായി 263 ഇലക്‌ട്രിക്ക് ബസുകള്‍ കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന ബസുകളാണ് വാങ്ങുന്നത്. നിലവിൽ 40 ഇലക്‌ട്രിക്ക് ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.
ഇനിയും 10 ബസുകൾ കൂടി ഇറങ്ങാനുണ്ട്. നിലവിൽ സർവീസ് നടത്തുന്ന ഇലക്‌ട്രിക്ക് ബസുകളുടെ ക്ഷമത വിലയിരുത്തിയ ശേഷമാണ് പുതുതായി 263 ഇലക്‌ട്രിക്ക് ബസുകൾ കൂടി വാങ്ങാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്. രണ്ടാം ബാച്ചിലെ 113 ബസുകള്‍ സിറ്റി ഉപയോഗത്തിന് പറ്റിയ (ഒമ്പതുമീറ്റര്‍) നീളം കുറഞ്ഞവയാണ്. തിരുവനന്തപുരം നഗരത്തിലാകും ഇവ വിന്യസിക്കുക.
എസി ഒഴിവാക്കിയുള്ള സര്‍വീസ്: എസി ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എസി ഒഴിവാക്കുന്നതിനാല്‍ കൂടുതല്‍ മൈലേജ് ലഭിക്കും. 12 മീറ്റര്‍ നീളമുള്ള 150 ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മേല്‍മൂടി നീക്കം ചെയ്യാന്‍ കഴിയുന്ന ഇ-ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ഡബിള്‍ഡെക്കര്‍ ബസിനു പകരമാണ് പുതിയ സംവിധാനം.
അതേസമയം ഫാസ്‌റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് ഇലക്‌ട്രിക്ക് ബസുകൾ പ്രായോഗികമാകണമെങ്കിൽ ബാറ്ററി മാറ്റിവെക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വരേണ്ടതുണ്ട്. അല്ലാത്തപക്ഷം ചാര്‍ജിങ്ങിന് എടുക്കുന്ന സമയം വെല്ലുവിളിയാകും. ബാറ്ററി മാറ്റിവെക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നാല്‍ പോരായ്‌മ പരിഹരിക്കാനാകും. ഡിപ്പോകളില്‍ ചാര്‍ജ് ചെയ്‌തുവെച്ചിരിക്കുന്ന ബാറ്ററി പത്തു മിനിറ്റിനുള്ളില്‍ ഒരു ബസിലേക്ക് മാറ്റിവെക്കാനാകും.
വരുമാനം വര്‍ധിക്കുന്നു: കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുന്ന ട്രെൻഡാണ് നിലവിൽ കാണുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതേസ്ഥിതി തുടർന്നാൽ കെഎസ്ആർടിസി സ്വയം പര്യാപ്‌തമാകുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ കോൺഫറൻസ് ആൻഡ് എക്സ്പോ 2023 (ഇവോൾവ്) പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ശമ്പളം കൃത്യം: സർവീസുകളുടെ എണ്ണം 3000ത്തിൽ നിന്ന് 4000ത്തിലേക്ക് കടന്നുവെന്ന് മന്ത്രി അറിയിച്ചു. 'പഴയതുപോലെ ഇപ്പോൾ ശമ്പളം മുടങ്ങുന്നില്ല. അഞ്ചിന് തന്നെ ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിലും അതാത് മാസങ്ങളിൽ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ട്.
റെക്കോർഡ് കലക്ഷൻ കെഎസ്ആർടിസിക്ക് ലഭിക്കുമ്പോഴും എന്തുകൊണ്ടാണ് കൃത്യമായി ശമ്പളം നൽകാത്തതെന്ന ചോദ്യം അപ്രസക്തമാണ്. ഇൻഷുറൻസ് തുകയായ 30 കോടി രൂപ എല്ലാ മാസവും കലക്ഷൻ തുകയിൽ നിന്നാണ് അടക്കുന്നത്. ഈ വർഷം കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ഇലക്‌ട്രിക്ക് ബസുകൾ വാങ്ങി. 50 ബസുകൾക്ക് ഓർഡർ നൽകി. 40 ബസുകൾ ലഭിച്ചു'. 10 ബസുകൾ ഉടൻ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.