തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകും ഇടത് അനുകൂല ജീവനക്കാരുടെ സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇന്ന് ചര്‍ച്ച. ചെയര്‍മാന്‍ നേരിട്ടല്ല ജീവക്കാരുടെ സംഘടനയുമായി ചര്‍ച്ച നടത്തുന്നത്. ബോര്‍ഡിലെ ഫിനാന്‍സ് ഡയറക്‌ടറെയാണ് ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുക. ഓഫിസേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ചെയര്‍മാനെതിരെ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്. അസോസിയേഷന്‍ നേതാക്കളുടെ സസ്‌പെന്‍ഷനെ ചൊല്ലിയാണ് ചെയര്‍മാനെതിരെ സംഘടന സമരം തുടങ്ങിയത്.
സസ്‌പെന്‍ഡ് ചെയ്‌തവര്‍ വിശദീകരണം നല്‍കിയാല്‍ നടപടി പുനഃപരിസോധിക്കാമെന്ന് ചെയര്‍മാന്‍ സംഘടനയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ നേതാക്കളായ ജാസ്മിന്‍ ബാനു,സുരേഷകുമാര്‍ എന്നിവര്‍ ഇന്നലെ വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ സംഘടന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയതെന്നാണ് വിശദീകരിച്ചിരിക്കുന്നത്.
ALSO READ കെഎസ്‌ഇബിയിലെ പ്രശ്‌നം ഉടൻ പരിഹരിക്കും: എ.കെ ബാലൻ
ഈ വിശദീകരണം പരിഗണിച്ചാണ് ചര്‍ച്ച. സമരക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് വകുപ്പ് മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ബോര്‍ഡിന്‍റെ കാര്യത്തില്‍ മന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ചര്‍ച്ചയ്ക്ക് ചെയര്‍മാനെ ചുമതലപ്പെടുത്തിയെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയത്. എന്നാൽ സമര വേദിയിലടക്കം ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനം സംഘടന നേതാക്കള്‍ ഉയര്‍ത്തിയരുന്നു.
ഈ സാഹചര്യത്തിലാണ് ചെയര്‍മാന്‍ നേരിട്ട് ചര്‍ച്ച നടത്താതെ ഡയറക്‌ടറെ ചുമതലപ്പെടുത്തിയതെന്നാണ് സൂചന