തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെറെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം. ഇന്നത്തെ സര്‍വേ നടപടികളാണ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധം കണക്കിലെടുക്കാണ് തീരുമാനം.
എന്നാല്‍ പൂര്‍ണമായി സര്‍വേ നിര്‍ത്തിയിട്ടില്ലെന്നാണ് കെറെയിലിന്‍റെ ഔദ്യോഗിക വിശദീകരണം. പ്രകോപനപരമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് കെറെയില്‍. സര്‍വേ നടപടികള്‍ നടത്തുന്ന സ്വകാര്യ ഏജന്‍സികള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയാലെ നടപടിയുമായി മുന്നോട്ടു പോകുവെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് നടപടികള്‍ നിര്‍ത്തി വച്ചതെന്നാണ് വിലയിരുത്തല്‍. ജില്ലകളിലെ സാഹചര്യം അനുസരിച്ച് സര്‍വേ എങ്ങനെ വേണമെന്ന് തീരുമാനിക്കണമെന്നാണ് കെ.റയില്‍ തീരുമാനം. പ്രതിഷേധം ശക്തമാകുമെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സര്‍വേ നടപടികള്‍ നേരത്തെ നിര്‍ത്തിയിരുന്നു.
Also Read: പൊലീസ് സുരക്ഷ വേണമെന്ന് ഏജൻസി: എറണാകുളത്ത് സില്‍വര്‍ ലൈൻ സര്‍വേ നിർത്തി
എറണാകുളം ജില്ലയില്‍ 12 കിലോമീറ്റര്‍ മാത്രമേ സര്‍വേ പൂര്‍ത്തീകരിക്കാനുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സര്‍വേക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നത് വരെ സര്‍വേ നീട്ടി വയ്ക്കാനാണ് കെറെയിലിന് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന.