തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് സമരം ഒത്തുതീര്‍പ്പായത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ വിദ്യാര്‍ഥികളോടും തൊഴിലാളികളോടും ജാതിവിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിന് ഇറങ്ങിയത്.
സമരത്തിന്‍റെ 49-ാം ദിനം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ രാജി വച്ചിരുന്നു. എന്നാല്‍ രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഡയറക്‌ടറെ മാറ്റണമെന്ന ആവശ്യത്തോടൊപ്പം 15 ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വേണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
അതുവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. പുതിയ ഡയറക്‌ടറെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ നികത്താന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ കാമ്പസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലും ഈ തീരുമാനം തന്നെയാണ് ഉണ്ടായത്. ഇതേതുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്.
വ്യവസ്ഥകള്‍ പ്രോസ്‌പെക്‌ട്‌സില്‍ വ്യക്തമാക്കും: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ പ്രോസ്‌പെക്‌ട്‌സില്‍ വ്യക്തമാക്കും. ഡയറക്‌ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി ഉണ്ടാവില്ല. അക്കാദമിക ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം രൂപീകരിക്കും.
ആശങ്കകൾക്ക് സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി: ഈ സമിതിയുടെ ചെയര്‍മാന്‍ എല്ലാവര്‍ക്കും സ്വീകാര്യതയുള്ള ഒരു സീനിയര്‍ ഫാക്കല്‍റ്റി അംഗമായിരിക്കും. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ പരിഹരിക്കാനും ഇ-ഗ്രാന്‍റ് ലഭ്യമാക്കുന്നതിലെ തടസം നീക്കാനും, സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും. കോഴ്‌സിന്‍റെ ദൈര്‍ഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അക്കാദമിക് വിഷയങ്ങളില്‍ വിദഗ്‌ധരായവരുടെ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
also read: 'ഞാന്‍ കുട്ടികള്‍ക്കൊപ്പം'; കെആര്‍ നാരായണന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് സമരത്തില്‍ ഫഹദ് ഫാസില്‍
ബൈലോയിലെയും ബോണ്ടിലെയും പരാതികളായ കോഴ്‌സ് ഫീ, വര്‍ക് ഷോപ്പുകള്‍, പ്രൊജക്‌ട് ഫിലിം ചിത്രീകരണം തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നീ വിഷയങ്ങൾ വിദഗ്‌ധരുടെ സമിതി പരിശോധിക്കും. പ്രധാന അധികാരസമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം കൊണ്ടുവരും. വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
50 ദിവസം നീണ്ടുനിന്ന സമരം: ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇതോടെ 50 ദിവസമായി നീണ്ട വിദ്യാര്‍ഥി സമരത്തിനാണ് വിരാമമായത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിദ്യാർഥികൾക്കനുകൂലമായി റിപ്പോർട്ട്: മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം.