തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമായ ശേഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ ഉൾപ്പെടെ എല്ലാ ഘടകക്ഷികളോടും ചർച്ച ചെയ്‌ത ശേഷമേ എൽഡിഎഫ് ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് ഗുരുതരമായ പ്രതിസന്ധിയിലാണ്. അവരുടെ ആഭ്യന്തര സംഘർഷത്തിന്‍റെ ഭാഗമാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെതിരായ നടപടി. ജോസ് വിഭാഗത്തെ ഭയപ്പെടുത്തി കീഴടക്കാമെന്നാണ് യുഡിഎഫ് കരുതിയത്. അത് നടക്കില്ലെന്ന് ബോധ്യമായപ്പോഴാണ് പുറത്താക്കിയതല്ല മാറ്റി നിർത്തിയതാണെന്ന് മാറ്റി പറഞ്ഞത്. രമേശ് ചെന്നിത്തലയും ഘടകകക്ഷികളും ഹെഡ്‌മാസ്റ്ററും കുട്ടിയും കളിക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.
തമ്മിലടിക്കുക, പുറത്താക്കുക, യോജിക്കുക ഇവയെല്ലാം യുഡിഎഫിന്‍റെ സഹജമായ സ്വഭാവമാണ്. യുഡിഎഫ് ഭരണകാലത്ത് കേരളം ഇത് കണ്ടതാണ്. ഇപ്പോൾ ശക്തമായ നിലപാടെടുത്ത യുഡിഎഫ് ജോസ് കെ.മാണിക്ക് രണ്ടില ചിഹ്നം വാങ്ങി കൊടുക്കാൻ നടപടിയെടുത്തില്ല. ജോസ് വിഭാഗത്തെ മാറ്റി നിർത്തിയത് യുഡിഎഫിന്‍റെ തകർച്ച വേഗത്തിലാക്കും. പല മണ്ഡലങ്ങളിലും യുഡിഎഫിനെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും അവർക്ക് ശക്തിയുണ്ട്. യുഡിഎഫിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കേണ്ട നിലപാട് സിപിഎം സ്വീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. ജോസ് വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാം. മുന്നണിയായി നിൽക്കുകയാണ് സിപിഎം നിലപാട്. ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാലും മുന്നണി സംവിധാനത്തിൽ തന്നെ സിപിഎം തുടരും. ഒറ്റയ്ക്ക് മത്സരിച്ചാലുള്ള ഫലം 1965ലെ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. മുന്നണി വിപുലീകരിക്കാൻ ശ്രമം തുടരും. നിലവിലെ സാഹചര്യത്തിൽ ബിജെപിയുമായി ഒത്തുചേരാനുള്ള മണ്ടത്തരം ജോസ് കെ. മാണി കാണിക്കില്ലെന്നാണ് കരുതുന്നതെന്നും കോടിയേരി വ്യക്തമാക്കി.