തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാനാവില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് 35 ലക്ഷം രൂപ ചെലവിട്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാൻ സര്‍ക്കാർ അനുമതി നൽകിയത് വന്‍ വിവാദമായിരുന്നു. പിന്നാലെയാണ് ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി എന്നാൽ ഒന്നും പുതുതായി ചെയ്യില്ല എന്നല്ല. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാനാകില്ല. നിയന്ത്രണങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല. സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി കടമെടുക്കൽ പരിധി കഴിഞ്ഞ് പോയിട്ടില്ല. ഓഡിറ്റ് പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ആ സ്ഥിതി മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ സിഎജി റിപ്പോർട്ടിൻ്റെ ഭാഗമായി വരുന്നുണ്ട്. സംസ്ഥാനങ്ങളുടെ താത്‌പര്യം മറികടന്നുകൊണ്ടുള്ള തീരുമാനം ഉണ്ടാവരുത്. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികൾ വരുന്നുണ്ട്. സർക്കാർ ഗ്യാരണ്ടിയിലാണ് സർക്കാർ സ്ഥാപനങ്ങൾ വായ്‌പ എടുക്കുന്നതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.