തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകുന്നതിൽ വിദഗ്‌ധ ഉപദേശം തേടാൻ നിർദേശം. ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകിയാൽ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ നഷ്‌ടമാകുമോ എന്ന കാര്യത്തിൽ രാസപരിശോധനാ വിദഗ്‌ധരുടെ ഉപദേശം തേടി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കൊടതി നിർദേശം നൽകി. അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജിയിൽ വിധി പറയും മുൻപാണ് കോടതി നിർദേശം.
പൊലീസ് തെളിവായി സമർപിച്ച ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നാണ് ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടത്. എന്നാൽ രേഖകള്‍ നൽകുന്നതിന് പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നൽകാനുള്ള നിയമസാധുതയില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇതേ തുടർന്നാണ് പ്രതിക്ക് തെളിവുകൾ നൽകുന്നതിൽ നിയമ സാധ്യത പരിശോധിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.
സി.സി.ടി.വി ദൃശ്യങ്ങൾ കോടതി മുറിക്കുള്ളിൽ പ്രദർശിപ്പിച്ച് പ്രതിക്ക് കൂടി കാണാനുള്ള അനുവാദം നൽകിയാൽ മതി എന്ന് പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചു. എന്നാൽ ഇങ്ങനെ ചെയ്‌താലും ദൃശ്യങ്ങളിൽ വ്യത്യാസം ഉണ്ടാകുമോ എന്ന സംശയം കോടതി ആരാഞ്ഞപ്പോളാണ് രാസപരിശോധനാ വിദഗ്‌ധരുടെ അഭിപ്രായം തേടിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകിയത്. തുടർന്ന് കേസ് പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി.