പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ ബി.ജെ.പിയിൽ പ്രതിഷേധം. കെ സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം വൈകുന്നതിലുളള അതൃപ്തി മുരളീധരപക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പത്തനംതിട്ട സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്ന എല്ലാവരും പിന്മാറിയിട്ടും സുരേന്ദ്രൻ്റെ പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നാണ് മുരളീധര പക്ഷത്തിൻ്റെ വിലയിരുത്തൽ.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവരാണ് പത്തനംതിട്ട സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നത്. എം ടി രമേശ് ആദ്യമേ പിന്മാറിയപ്പോൾ ഡൽഹിയിൽ നടന്ന ചർച്ചകൾക്ക് ശേഷം ശ്രീധരൻ പിള്ളയും പിന്മാറി. തന്‍റെ മുൻ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പ്രദേശവും ബന്ധുബലവും ചൂണ്ടിക്കാട്ടി അൽഫോൺസ് കണ്ണന്താനം സീറ്റിനുവേണ്ടി സമ്മർദ്ദം ശക്തമാക്കിയെങ്കിലും സംസ്ഥാന നേതൃത്വം പിന്തുണച്ചില്ല. എൻഎസ്എസിൻ്റെ പിന്തുണയോടെ ശ്രീധരൻ പിള്ള നടത്തിയ ശ്രമവും വിജയിച്ചില്ല.
എന്നാൽ സീറ്റിനായി പാർട്ടി അണികളിൽ നിന്നുള്ള സമ്മർദ്ദവും വെള്ളാപ്പള്ളി നടേശനെ ഇടപെടുത്താനുള്ള ശ്രമവും സുരേന്ദ്രൻ്റെ കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന് അതൃപ്തി ഉളവാക്കി. വെള്ളാപ്പള്ളി നടേശൻ്റെ ഇടപെടലോടെ സുരേന്ദ്രന്‍റെ കാര്യത്തിൽ എൻഎസ്എസ് നേതൃത്വം അസംതൃപ്തി അറിയിച്ചു എന്നാണ് സൂചന. ഇതെല്ലാം കണക്കിലെടുത്ത് പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം കേന്ദ്രനേതൃത്വം വൈകിപ്പിക്കുകയായിരുന്നു. എന്നാൽ കേന്ദ്ര തീരുമാനം പ്രചാരണത്തിൽ ബിജെപിയെ പിന്നോട്ടടിച്ചുവെന്നാണ് മുരളീധര പക്ഷത്തിൻ്റെ വാദം. അതേസമയം ഇന്നു വൈകുന്നേരത്തോടെ പത്തനംതിട്ടയിൽ സുരേന്ദ്രനെ സ്ഥാനാർഥിയാക്കി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.