തിരുവനന്തപുരം: നിപ വൈറസ് (Nipah Virus) വ്യാപനത്തിൽ ഭയത്തിൻ്റെ ആവശ്യമില്ലെന്ന് മുൻ ആരോഗ്യമന്ത്രി (Former Health Minister) കെ.കെ ശൈലജ (KK Shailaja). 2018 ൽ നിപ വൈറസ് വ്യാപനമുണ്ടായപ്പോൾ (Nipah Virus Spread) ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഭയവും ആശങ്കയുമുണ്ടായിരുന്നുവെന്നും അന്ന് ചികിത്സ പ്രോട്ടോക്കോൾ (Treatment Protocol) ഉണ്ടായിരുന്നില്ലെന്നും കെ.കെ ശൈലജ എംഎല്‍എ അറിയിച്ചു.
ഭയക്കേണ്ടതില്ല, ജാഗ്രത മതി: ഇന്ന് വ്യക്തമായ പ്രോട്ടോക്കോളുണ്ട്. വ്യാപനം തടയാൻ എന്തൊക്കെ ചെയ്യണമെന്നുള്ള മാർഗങ്ങൾ മുന്നിലുണ്ട്. മാത്രമല്ല മുൻ അനുഭവവും ഉള്ളതുകൊണ്ട് 2018ല്‍ നിപ വ്യാപിച്ചപ്പോഴുണ്ടായ ഭയവും ആശങ്കയും വേണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. എന്തൊക്കെ ചെയ്യണമെന്ന കാര്യം നമുക്കറിയാമെന്നും പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാനത്തിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാൽ രോഗം സ്ഥിരീകരിച്ചെന്ന് പ്രഖ്യാപിക്കാൻ പൂനെ ലാബിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കെ.കെ ശൈലജ അറിയിച്ചു.
പരിശോധനയില്‍ വ്യക്തത വരുത്തി: കൊവിഡ് (Covid) വ്യാപനവും നേരത്തെ എൻഐവി പൂനെയിൽ നിന്ന് മാത്രമേ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളു. അന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (Alappuzha Virology Institute) നിന്ന് കൊവിഡ് വ്യാപനം പ്രഖ്യാപിക്കാൻ അനുമതി തേടിയിരുന്നുവെന്നും എസ്‌റ്റിമേറ്റ് കമ്മിറ്റി ഇന്ന് (13.09.2023) നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടുകളെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.കെ ശൈലജ പറഞ്ഞു.
അതേസമയം നിയമസഭയിൽ ഇന്ന് എസ്‌റ്റിമേറ്റ്സ് കമ്മിറ്റി റിപ്പോർട്ടുകൾ സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ബജറ്റ് വിഹിത വിനിയോഗം സംബന്ധിച്ച റിപ്പോർട്ട്, വനിതാ ശിശു വികസന വകുപ്പിന്‍റെ ബജറ്റ് വിഹിത വിനിയോഗം സംബന്ധിച്ച റിപ്പോർട്ട്, ധനകാര്യ വകുപ്പിന്‍റെ കീഴിലുള്ള സമ്പാദ്യ പദ്ധതി, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ട്രഷറി വകുപ്പ് എന്നിവയുടെ ബജറ്റ് വിഹിത വിനിയോഗം സംബന്ധിച്ച റിപ്പോർട്ട് എന്നിവയാണ് എസ്‌റ്റിമേറ്റ്സ് കമ്മിറ്റി ഇന്ന് നിയമസഭയിൽ സമർപ്പിച്ചത്.
ഹയര്‍ സെക്കന്‍ഡറി സീറ്റ് ലഭ്യമാക്കാന്‍: എസ്എസ്എൽസി ഫലം വന്ന ഉടൻ തന്നെ പ്ലസ് വൺ പ്രവേശനം നടത്തി അധ്യയന ദിനങ്ങൾ നഷ്‌ടമാകാതിരിക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധ പുലർത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ബജറ്റ് വിഹിത വിനിയോഗം സംബന്ധിച്ച റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്യുന്നു. ഒഴിഞ്ഞു കിടക്കുന്ന ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ സീറ്റുകൾ ആവശ്യക്കാർ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനക്രമീകരണം നടത്താൻ കഴിയുമോ എന്നതിന്‍റെ സാധ്യത പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിരുന്നു.