തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. എട്ട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് (Rain Alert In Kerala Today).
വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തിരുന്നു. ഒക്ടോബര്‍ 30 വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 11 സെന്‍റിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
തമിഴ്‌നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. ഒക്ടോബര്‍ 29, 30 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ള സാഹചര്യത്തില്‍ തീരദേശവാസികള്‍ അധികൃതരുടെ മുന്നറിയിപ്പുണ്ടായാല്‍ മാറിതാമസിക്കണമെന്നും നിര്‍ദേശം നല്‍കി. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടിമിന്നല്‍ മുന്‍കരുതലുകള്‍: ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ വീടുകളില്‍ ജനലും വാതിലും അടച്ചിടുകയും അതിനരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.
ഇത്തരം സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുകയും വേണം. കൂടാതെ ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം. മഴയും ഇടിമിന്നലുമുണ്ടാകുന്ന സാഹചര്യങ്ങളില്‍ വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ അഭയം പ്രാപിക്കാതിരിക്കുക.
മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുള്ളില്‍ തുടര്‍ന്നാലും കയ്യും കാലും പുറത്തിടരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ എന്നിവയിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം.
കാറ്റില്‍ മറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.