തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഇന്ന് ഒരു ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ജൂണ്‍ 30ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ജൂലായ് 1ന് ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യത ഉള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപം രൂപപ്പെട്ട ന്യുന മർദ്ദം ശക്തമായ ന്യുന മർദ്ദമായി വടക്ക് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുകയാണ്.
ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് : അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെ മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയിൽ കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളം കയറി.
കടലാക്രമണ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനാണ് നിർദേശം.
മത്സ്യബന്ധന ബോട്ട്, വള്ളം എന്നിവ കൂട്ടിയിടിച്ചുള്ള അപകടം തടയാൻ ഇവ കെട്ടിയിട്ട് സൂക്ഷിക്കണം. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍
- അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം.
- വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.
- സ്വകാര്യ - പൊതുയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍,പോസ്റ്റുകള്‍,ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതുണ്ട്.
- എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
- ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.