തിരുവനന്തപുരം : കേരള സര്‍വകലാശാല (Kerala University) പുതുതായി നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ (Vice Chancellor) മോഹന്‍ കുന്നുമ്മല്‍. സംസ്ഥാനത്തെ മുഴുവന്‍ ബിരുദ കോഴ്‌സുകളും നാല് വര്‍ഷ കോഴ്‌സുകളായി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. വരും വര്‍ഷങ്ങളില്‍ കേരള സര്‍വകലാശാലയിലെ മുഴുവന്‍ കോളജുകളിലെയും കോഴ്‌സുകളെ ഇത്തരത്തില്‍ പരിഷ്‌കരിക്കാനാണ് ശ്രമമെന്നും വിസി വ്യക്തമാക്കി.
പദ്ധതിയിടുന്നത് ഇങ്ങനെ : ആദ്യഘട്ടത്തില്‍ ബിഎ ലാംഗ്വേജ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബിഎ പൊളിറ്റിക്‌സ് ആന്‍റ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍, ബിഎ ഹോണേഴ്‌സ് ഇന്‍ ലൈഫ് സയന്‍സ് എന്നീ കോഴ്‌സുകള്‍ പുതുതായി ആരംഭിക്കും. സര്‍വകലാശാല ക്യാമ്പസിലാകും കോഴ്‌സുകള്‍ ആരംഭിക്കുക. കൂടാതെ കേരള സര്‍വകലാശാലയുടെ യുഐടി ക്യാമ്പസുകളിലെ ബി.കോം കോഴ്‌സുകളെ നാല് വര്‍ഷ ഹോണേഴ്‌സ് കോഴ്‌സുകളായി ഉയര്‍ത്തുമെന്നും കേരള സര്‍വകലാശാലയിലെ കോളജുകളിലും പുതിയ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമ്മതം തേടും, പിന്നെ വൈകാതെ തീരുമാനം : ഇതിനായി താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരേ കോഴ്‌സില്‍ പത്ത് വര്‍ഷമായി യുജിയും പിജിയും നല്‍കുന്ന കോളജുകളില്‍ നിന്നുമാണ് താത്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം കേരളം മുഴുവന്‍ നാല് വര്‍ഷ ഹോണേഴ്‌സ് കോഴ്‌സായി മാറാം. അടുത്ത വര്‍ഷത്തോടെ കേരളം മുഴുവനുള്ള ഡിഗ്രി കോഴ്‌സുകളെ നാല് വര്‍ഷ ഹോണേഴ്‌സായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി കേരള സര്‍വകലാശായില്‍ വര്‍ക്ഷോപ്പ് നടത്താന്‍ ഉദ്ദേശിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ജുലൈ നാലിനാണ് കേരള സര്‍വകലാശാലയില്‍ വര്‍ക്ഷോപ്പ് നടത്തുകയെന്നും വിസി വ്യക്തമാക്കി.
വര്‍ക്ഷോപ്പില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, അക്കാദമീഷ്യന്‍സ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്താകും ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കുക. ഫ്ലക്‌സിബിളിറ്റിയാകും ഈ കോഴ്‌സുകളുടെ പ്രത്യേകത. നാലാം വര്‍ഷത്തിലെ മോഡ്യൂള്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ചാല്‍ ഇക്കാലയളവില്‍ ആവശ്യമുള്ള വിജ്ഞാനം മാറിയേക്കാമെന്നും ഇത് പരിഗണിക്കേണ്ടതുണ്ടെന്നും വിസി അഭിപ്രായപ്പെട്ടു.
Also read: 'ബിരുദ പഠനം ഇനി നാല് വർഷം'; മൂന്ന് വർഷ കോഴ്‌സുകൾ ഈ വർഷം കൂടി മാത്രം
എന്തെല്ലാം പരിഗണിക്കണം : കാലമനുസരിച്ച് കോഴ്‌സിന്‍റെ ഉള്ളടക്കം മാറ്റേണ്ടതുണ്ട്. കുട്ടികള്‍ക്ക് എന്തും പഠിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ മാറ്റങ്ങളിലൂടെ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. നിലവില്‍ ആദ്യ വര്‍ഷത്തെ ആദ്യത്തെ കരിക്കുലം മാത്രമാണ് തയ്യാറായിട്ടുള്ളത്. ഇത് ഭാവിയില്‍ ഇവോള്‍വ് ചെയ്‌ത് വരും. ഒരു യുജി കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥിക്ക് മറ്റ് അനുബന്ധ പിജി കോഴ്‌സുകളിലേക്ക് മാറി പോകാന്‍ സാധിക്കുന്ന തരത്തിലാകും കോഴ്‌സുകള്‍ വിഭാവനം ചെയ്യുകയെന്നും വിസി മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. കഴിയുന്നവര്‍ ഈ വര്‍ഷം ഹോണേഴ്‌സ് കോഴ്‌സുകള്‍ തുടങ്ങണമെന്നും ബാക്കിയുള്ളവര്‍ അടുത്ത വര്‍ഷം തുടങ്ങണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേരള സര്‍വകലാശാലയ്ക്ക് ഇത് കഴിയുന്നത് കൊണ്ടാണ് ഈ വര്‍ഷം ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.