തിരുവനന്തപുരം: ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി ദേശീയ സര്‍വേ റിപ്പോര്‍ട്ട്. കേരളത്തിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളിൽ പലരും ഒറ്റ അക്ക സംഖ്യകൾ തിരിച്ചറിയാൻ കഴിയാത്തവരാണെന്ന് എ.എസ്.ഇ.ആർ സർവേയില്‍ കണ്ടെത്തി. രാജ്യത്തെ വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തുന്ന ആനുവൽ സ്റ്റാറ്റസ് ഓഫ് എജൂക്കേഷൻ റിപ്പോർട്ട് - റൂറൽ 2022-ലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്.
കേരളത്തിലെ സ്കൂൾ വിദ്യാർഥികളുടെ ഗണിത പഠന നിലവാരം പിന്നോട്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. 2018നെ അപേക്ഷിച്ച് 2022ൽ വിദ്യാർഥികളുടെ ഗണിത പഠന ശേഷി പിന്നോട്ടാണ്. പല ക്ലാസിലെയും വിദ്യാർഥികളുടെയും ഗണിത പഠനശേഷി ദേശീയ ശരാശരിയേക്കാളും കുറവാണ്. 2018ൽ കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളുടെ ഗണിതശേഷി 48.5 ശതമാനമായിരുന്നത് 2022ൽ 38.6 ശതമാനമായി കുറഞ്ഞു. അതേസമയം ദേശീയ ശരാശരി 25.9 ശതമാനവുമാണ്. അഞ്ചാം ക്ലാസിൽ കണക്കിലെ ഹരണക്രിയ ചെയ്യാനുള്ള വിദ്യാർഥിയുടെ കഴിവ് 2018ൽ 43 ശതമാനമായിരുന്നത് 2022ൽ 26.6 ശതമാനമായും കുറഞ്ഞു. ദേശീയ ശരാശരി 25.6 ആണ്.
എട്ടാം ക്ലാസ് വിദ്യാർഥികളിൽ ഹരണക്രിയ ചെയ്യാനുള്ള കഴിവ് 2018ൽ 51.8 ശതമാനമുണ്ടായിരുന്നത് 2022ൽ 44.4 ആയും കുറഞ്ഞു. ദേശീയ ശരാശരി 44.7 ആണ്. കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള അധ്യയനം നടക്കാത്തത് ഗണിത ശേഷി നിലവാരം കുറയാൻ കാരണമായിരിക്കുമെന്ന് ഇത് സംബന്ധിച്ച് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ പറയുന്നു. ഒന്നാം ക്ലാസിൽ 10.8 ശതമാനവും രണ്ടാം ക്ലാസിൽ 3.9 ശതമാനവും മൂന്നാം ക്ലാസിൽ 1.4 ശതമാനവും നാലാം ക്ലാസിൽ 1.5 ശതമാനവും അഞ്ചാം ക്ലാസിൽ 1.4 ശതമാനവും വിദ്യാർഥികൾക്ക് ഒറ്റ അക്ക സംഖ്യകൾ തിരിച്ചറിയാനാകുന്നില്ല. രാജ്യവ്യാപകമായി കുട്ടികളുടെ സ്കൂൾ പ്രവേശനം സംബന്ധിച്ചും പഠനനിലവാരത്തെക്കുറിച്ചും വിലയിരുത്തുന്നതാണ് എ.എസ്.ഇ.ആർ സർവേ.
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ ഗണിത നിലവാരം ഉയർത്താൻ ഗണിത വിജയം, ഉല്ലാസഗണിതം, ഗണിതോത്സവം, ഗണിത പാർക്ക്, ഗണിത നിലാവ്, ഗണിത കിറ്റ് ക്ലാസ് എന്നിവ സംഘടിപ്പിക്കും എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.