തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ഇടുക്കി പാമ്പാടും പാറയിലെ ബിജുമോൻ ആന്റണി ഏറ്റവും മികച്ച കർഷകനുള്ള സിബി സ്മാരക കർഷകോത്തമ അവാർഡിനർഹനായി. രണ്ട് ലക്ഷം രൂപയും സ്വർണ മെഡലും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ ജില്ലയിലെ വാണി.വിയെ മികച്ച യുവ കർഷകയായും പാലക്കാട് പെരുമാട്ടിയിലെ ജ്ഞാന ശരവണനെ മികച്ച യുവ കർഷകനായും തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും സ്വർണ മെഡലുമാണ് അവാർഡ്.
ഏറ്റവും മികച്ച ഫാമിങ് ഗ്രൂപ്പായി ആലപ്പാട് പാടശേഖര സമിതിയെ തെരഞ്ഞെടുത്തു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഏറ്റവും മികച്ച തെങ്ങ് കർഷകനുള്ള കേര കേസരി പുരസ്കാരം പാലക്കാട് എലപ്പുള്ളിയിലെ വേലായുധൻ കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയും സ്വർണ മെഡലും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ഏറ്റവും മികച്ച പച്ചക്കറി കർഷകനുള്ള ഹരിത മിത്ര അവാർഡ് ആലപ്പുഴയിലെ ശുഭ കേസൻ നേടി. ബിൻസി ജെയിംസ്, ഖദീജ മുഹമ്മദ് എന്നിവരാണ് കർഷക തിലകങ്ങൾക്കുള്ള അവാർഡ് നേടിയത്.
തിരുവനന്തപുരത്ത് പിആർ ചേംബറിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതിന് അവാർഡുകൾ പ്രോത്സാഹനം നൽകുമെന്ന് മന്ത്രി പറഞ്ഞു.