തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിങ്. കേരളത്തിലെ അഞ്ചു ജില്ലകളിലേക്കാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് ശതമാനത്തിൽ ജില്ലകളിൽ ആലപ്പുഴയാണ് മുന്നിൽ. ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും ആദ്യ മണിക്കൂറിൽ വോട്ടിങ് മെഷീനുകൾ പണി മുടക്കിയെങ്കിലും വൈകാതെ തന്നെ പോളിങ് നടപടികൾ പുനരാരംഭിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പ് പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെടുമ്പോഴും പലയിടത്തും സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. വരി നിൽക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച പ്രത്യേക ഇടങ്ങളും പല ബൂത്തുകളിലും കണ്ടില്ല. സുരക്ഷാ മുൻകരുതൽ പാലിക്കാൻ വിനിയോഗിച്ച പൊലീസുകാരും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് വേണം വിലയിരുത്താൻ.
തലസ്ഥാനത്ത് കടകംപള്ളി സുരേന്ദ്രനാണ് പോളിങ് സ്റ്റേഷനിൽ ആദ്യം എത്തിയ നേതാവ്. തുടർന്ന് കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, വി. മുരളീധരൻ, എം.എ. ബേബി, കെ. മുരളീധരൻ, എസ്.ആർ.രാമചന്ദ്രന്‍ പിള്ള അടക്കമുള്ള പ്രമുഖർ വോട്ടു ചെയ്യാനെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് തലസ്ഥാന നഗരിയിൽ ഉച്ചവരെ സാമാന്യ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ മിക്ക ബൂത്തുകളിലും ആളൊഴിഞ്ഞു. അതേസമയം, തീരദേശ മേഖലകളിൽ ഉച്ചകഴിഞ്ഞ് പോളിങ് ശതമാനം ഉയർന്നു. മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്‍റണിയും വി.എസ്. അച്യുതാനന്ദനും ആരോഗ്യകാരണങ്ങളാൽ വോട്ടുചെയ്യാൻ എത്തിയില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറം മീണയുടെ പേര് വോട്ടിങ് ലിസ്റ്റിൽ വരാത്തത് സംബന്ധിച്ച് പരിശോധന നടത്തും.
തിരുവനന്തപുരം പാളയത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച ഒരാൾ പിടിയിലായി. കാട്ടാക്കട സ്വദേശി നാസർ ആണ് പിടിയിലായത്. കാട്ടക്കടയിലും വിഴിഞ്ഞത്തും നെയ്യാറ്റിൻകരയിലും സി.പി.എമ്മും -കോൺഗ്രസും തമ്മിൽ സംഘർഷമുണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും വോട്ടുചെയ്യാനെത്തിയ രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചതും തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിൽ വേദനയായി. ആരോപണ പ്രത്യാരോപണങ്ങളുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ മൂന്നു മുന്നണികളും നടത്തിയത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റ ഒരുക്കങ്ങൾ കൂടി പൂർത്തിയാകുന്നതോടൊപ്പം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങളും ചൂടുപിടിക്കുകയാണ്.
വോട്ടിങ് ശതമാനം
മുൻസിപ്പാലിറ്റികൾ
തിരുവനന്തപുരം
നെയ്യാറ്റിൻകര - 74.71
നെടുമങ്ങാട് - 72.90
ആറ്റിങ്ങൽ - 69.36
വർക്കല - 71. 23
കൊല്ലം
പരവൂർ - 73.07
പുനലൂർ- 73. 21
കരുനാഗപ്പള്ളി - 79.71
കൊട്ടാരക്കര - 68.91
പത്തനംതിട്ട
അടൂർ- 68.42
പത്തനംതിട്ട - 71.49
തിരുവല്ല - 64.66
പന്തളം - 76.67
ആലപ്പുഴ
കായംകുളം - 77.30
മാവേലിക്കര - 71.18
ചെങ്ങന്നൂർ- 68.66
ആലപ്പുഴ- 70. 74
ചേർത്തല - 83.36
ഹരിപ്പാട് - 76
ഇടുക്കി
തൊടുപുഴ- 82.11
കട്ടപ്പന - 74.57
ബ്ലോക്ക് പഞ്ചായത്തുകൾ
തിരുവനന്തപുരം
വെള്ളനാട് - 74.63
നെടുമങ്ങാട് - 71.56
വാമനപുരം - 71. 44
പാറശാല - 74.76
ചിറയിൻകീഴ് - 72.99
വർക്കല - 72.34
കിളിമാനൂർ - 74.42
പെരുങ്കടവിള - 77.17
അതിയന്നൂർ - 76.13
നേമം -73.83
പോത്തൻകോട്- 72.59
കൊല്ലം
ഓച്ചിറ - 78.85
ശാസ്‌താംകോട്ട - 77.79
വെട്ടിക്കവല - 73.10
പത്തനാപുരം - 72.45
അഞ്ചൽ - 72.12
കൊട്ടാരക്കര - 73.98
ചിറ്റുമല - 74.75
ചവറ - 76.86
മുഖത്തല - 73.94
ചടയമംഗലം - 73.70
ഇത്തിക്കര - 73.22
പത്തനംതിട്ട
മല്ലപ്പള്ളി- 67.55
പുലികീഴ് - 70.48
കോയിപ്രം- 65.85
എലന്തൂർ - 69.59
റാന്നി- 70.14
കോന്നി - 71.62
പന്തളം - 70.94
പറക്കോട്- 70.59
ആലപ്പുഴ
തൈക്കാട്ടുശേരി- 83.14
പട്ടണക്കാട് - 81.41
കഞ്ഞിക്കുഴി- 82.33
ആര്യാട് - 79.55
അമ്പലപ്പുഴ- 80.92
ചമ്പക്കുളം - 76.47
വെളിയനാട്- 77.68
ചെങ്ങന്നൂർ- 71.50
ഹരിപ്പാട് - 79.67
മാവേലിക്കര - 73.02
ഭരണിക്കാവ് - 75.08
മുതുകുളം - 77.08
ഇടുക്കി
അടിമാലി - 73.70
ദേവികുളം- 70.10
നെടുങ്കണ്ടം - 77.10
ഇളംദേശം - 79.31
ഇടുക്കി - 73.29
കട്ടപ്പന -74.19
തൊടുപുഴ- 77.80
അഴുത - 70.13