തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു (Kerala Rain Updates Today). ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെടാനുള്ള സാഹചര്യമുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട് (Kerala Weather Updates Today).
ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ മഴ കൂടുതലായിരിക്കും. സെപ്റ്റംബര്‍ 8 വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റ് വീശാനുമിടയുണ്ട്.
നാളെ എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. സെപ്‌റ്റംബര്‍ 7ന് 11 ജില്ലകളിലും സെപ്‌റ്റംബര്‍ 8ന് 12 ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ചെറിയ മേഘവിസ്‌ഫോടനങ്ങള്‍ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. പ്രത്യേക സ്ഥലങ്ങളിൽ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തെയാണ് മേഘവിസ്‌ഫോടനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
മലയോര മേഖലകളിലാണ് ഇത്തരം മേഘ വിസ്‌ഫോടനങ്ങൾക്ക് സാധ്യതയുള്ളത്. അതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇതോടൊപ്പം ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.