തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു (Kerala Rain Update). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Yellow alert in four districts in the state). സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വരുന്ന അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലും ചേര്‍ന്നുള്ള വടക്കന്‍ ഛത്തിസ്‌ഗഡിനും മുകളില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നത്. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ സാധ്യത പ്രവചിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.
തിരുവനന്തപുരത്ത് രാത്രി 11.30 വരെ 2.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വെള്ളം തുടങ്ങിയ ഉപകരണങ്ങള്‍ ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ടാല്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തിനുള്ള സാധ്യത ഒഴിവാക്കും. മുന്നറിയിപ്പുകള്‍ പരിഗണിച്ച് ബീച്ചുകളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കനത്തെ മഴയെ തുടര്‍ന്ന് ഒരുപാട് നാശ നഷ്‌ടങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഒക്‌ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് രാവിലെ മുതൽ തോരാതെ പെയ്‌ത മഴയിൽ വിവിധ ഇടങ്ങളിൽ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നു. ദേവസ്വം ബോർഡ് ജങ്‌ഷനിലെ ഗ്രാൻഡ് ബസാർ സൂപ്പർ മാർക്കറ്റിലെ മീറ്റർ ബോർഡിൽ വെള്ളം ഇറങ്ങിയതിനെ തുടർന്നുണ്ടായ തീപിടിത്തം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് അണച്ചത്. പാപ്പനംകോട് വിശ്വംഭര റോഡിൽ പുഷ്‌പ നഗറില്‍ ബൈക്ക് ചെളിയിൽ കുടുങ്ങി അപകടമുണ്ടായി. രാത്രി ഏഴരയ്ക്ക് കരമന നെടുങ്കാട് റോഡിൽ മതിൽ ഇടിഞ്ഞ് വീണു. പാറോട്ടുകോണത്തും വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണു. കനത്ത മഴയിൽ ശാസ്‌തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കും മൂട്, ഇടപ്പഴിഞ്ഞി ചിത്ര നഗർ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി.
ALSO READ: ശക്തമായ കാറ്റിലും മഴയിലും വടക്കാഞ്ചേരി മേഖലയിൽ വൻ നാശനഷ്‌ടം, മരം വീണ് വീട് തകർന്നു