തിരുവനന്തപുരം: ലോക വിദ്യാഭ്യാസ സൂചികയില്‍ അക്കാദമിക നിലവാര റാങ്കിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്ന ഫിന്‍ലന്‍ഡ് സംഘവുമായി സഹകരണത്തിനൊരുങ്ങി കേരള പൊതുവിദ്യാഭ്യാസം. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അക്കാദമി സഹകരണ വാഗ്‌ദാനവുമായാണ് ഫിന്നിഷ് വിദ്യാഭ്യാസ സംഘം കേരളത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് പരസ്‌പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുക.
സംഘമെത്തുന്നത് രണ്ടാം തവണ: ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ കഴിഞ്ഞ ഡിസംബറില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ പ്രവര്‍ത്തനമായാണ് രണ്ടാമത്തെ സംഘം എത്തിയിരിക്കുന്നത്. അധ്യാപകര്‍ക്ക് നല്‍കിവരുന്ന പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, ശാസ്‌ത്രം, ഗണിതം, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങള്‍, പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സെമിനാറില്‍ ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു. ഫിന്നിഷ് നാഷണല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് നടപ്പിലാക്കി വരുന്ന നിരവധി മാതൃകകള്‍ കേരള മോഡല്‍ പ്രവര്‍ത്തനങ്ങളുടേതിന് സമാനമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും യൂണിവേഴ്‌സിറ്റി ഓഫ് ഹേല്‍ സിംഘിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവികളുമായ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ തുടങ്ങിയവരും യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ സിംഘിയുടെ ലയ്‌സണ്‍ ഓഫീസറും മലയാളിയുമായ ഉണ്ണികൃഷ്‌ണന്‍ ശ്രീധര കുറുപ്പ് എന്നിവരുമായിട്ടായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ എ എസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.
സെമിനാറിലെ പ്രധാന ചര്‍ച്ച: കുട്ടികളില്‍ മൂന്ന് വയസ് മുതല്‍ ഒന്‍പത് വയസുവരെ മാത്രം പ്രത്യേകമായി നടപ്പിലാക്കേണ്ട അക്കാദമികേതര പ്രവര്‍ത്തനങ്ങളും, പ്രീ-പ്രൈമറി വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളും സെമിനാറില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഫിന്‍ലന്‍ഡില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനങ്ങളെ സംബന്ധിച്ചും കുട്ടികളുടെ രക്ഷിതാക്കളുമായുള്ള ഫിന്നിഷ് വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ബന്ധത്തെക്കുറിച്ചും അവതരണം ഉണ്ടായി. സമഗ്ര ശിക്ഷ കേരളം വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശാസ്‌ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ നിരവധി പദ്ധതി പ്രവര്‍ത്തനങ്ങളുടേയും കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും പ്രത്യേക അവതരണം നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ഫിന്നിഷ് സംഘം സന്ദര്‍ശിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന്‍റെ ഭാഗമായി ഫിന്നിഷ് സംഘം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായി കൂടിക്കാഴ്‌ച നടത്തും.