തിരുവനന്തപുരം: കേരള മുൻസിപ്പാലിറ്റി പഞ്ചായത്ത് രാജ് ഭേദഗതി ബിൽ നിയമസഭ പാസാക്കി. 3Iന് എതിരെ 73 വോട്ടുകൾക്കാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളി. സമയബന്ധിതമായി തദ്ദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കരുതെന്ന് സർക്കാരിന് നിർബന്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ നീട്ടിവെക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ നിയമസഭയിൽ മറുപടി നൽകി.
സർക്കാർ ഒരു തെരഞ്ഞെടുപ്പിനെയും ഭയക്കുന്നില്ല. വോട്ടർ പട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ നേരിട്ട് ഹാജരായി വീണ്ടും വോട്ടർ പട്ടികയിൽ പേരുചേർക്കണമെന്ന വ്യവസ്ഥ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോടതി വിധിയനുസരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ മറുപടി നൽകി.