തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെതിരായ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭയുടെ ആദ്യ ദിനം അലങ്കോലമായി. ബാനറും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്കു പിരിയുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചു.
രാവിലെ 9ന് ചോദ്യോത്തര വേള ആരംഭിച്ച ഉടന്‍ പ്രതിപക്ഷം പ്ലക്കാര്‍ഡും ബാനറുമായി മുദ്രാവാക്യം വിളി ആരംഭിച്ചു. ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന സ്‌പീക്കര്‍ എം.ബി രാജേഷിന്‍റെ അഭ്യര്‍ഥന പ്രതിപക്ഷം അവഗണിച്ച് മുദ്രാവാക്യം വിളിയുമായി മുന്നോട്ടു പോയതോടെ 10 മിനിട്ടിനുള്ളില്‍ സഭ നിര്‍ത്തി. 10 മണിക്ക് സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.
പൊലീസ് പിന്തുണയോടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചെന്നാരോപിച്ച് ടി.സിദ്ദിഖ് നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പ്രസംഗിക്കാന്‍ പ്രതിപക്ഷത്തെ സ്‌പീക്കര്‍ ക്ഷണിച്ചെങ്കിലും അതിനും വഴങ്ങാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതോടെയാണ് നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്കു പിരിയുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചത്.
ഇതാദ്യമായി മാധ്യമങ്ങള്‍ക്ക് സഭ ടിവി വഴി നല്‍കിയ നിയമസഭ നടപടിക്രമങ്ങളുടെ ദൃശ്യങ്ങളില്‍ നിന്ന് പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷം പ്രതിഷേധിക്കുമ്പോള്‍ സഭ ടിവി പുറത്തുവിടുന്ന ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭരണ പക്ഷത്തിന്‍റെയും ദൃശ്യങ്ങളായിരുന്നു.
ഈ വിവേചനം അംഗീകരിക്കില്ലെന്നും സ്‌പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സഭയ്ക്കുള്ളില്‍ തങ്ങള്‍ മുദ്രാവാക്യം മുഴക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതിപക്ഷം പുറത്തു വിട്ടു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നിയമസഭയില്‍ ചോദ്യോത്തര വേള തത്സമയം ചിത്രീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയത്.
പകരം സഭ ടിവി വഴി ദൃശ്യങ്ങള്‍ തത്സമയം ചാനലുകള്‍ക്ക് ലഭ്യമാക്കുന്ന രീതി ആരംഭിച്ചു. എന്നാല്‍ ഇതില്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയുള്ള ദൃശ്യങ്ങള്‍ പുറത്തു വിടുന്നത് ഇതാദ്യമായാണ്. രാവിലെ പ്രതിപക്ഷ നേതാവിന്‍റെയും മന്ത്രിമാരുടെയും നിയമസഭയ്ക്കുള്ളിലെ ഓഫിസുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ വാച്ച് ആന്‍ വാര്‍ഡ് തടഞ്ഞതും വലിയ പ്രതിഷേധത്തിനിടയാക്കി.