തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയിട്ടില്ലെന്ന് വീണ്ടും ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. അധ്യാപികമാർ സാരി ധരിച്ച് ജോലി ചെയ്യണമെന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ല.
ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഡ്രസ്കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്മെന്‍റും അടിച്ചേൽപ്പിക്കുന്നു. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായ മാന്യമായ ഏത് വസ്‌ത്രം ധരിച്ചും അധ്യാപകർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
കൊടുങ്ങല്ലൂരില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ എല്ലാ ദിവസവും സാരി ഉടുത്തേ പറ്റുയെന്ന നിബന്ധന അധികാരികള്‍ മുന്നോട്ട് വെച്ചുവെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വകുപ്പ് വീണ്ടും ഇത് സംബന്ധിച്ച് ഒരിക്കല്‍ കൂടി ഉത്തരവിറക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഫേസ്‌ബുക്കില്‍ പറഞ്ഞു.
Also read: ആശങ്ക വേണ്ട, നോറോ വൈറസിനെ കുറിച്ച് കൂടുതല്‍ അറിയാം, ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
അധ്യാപകർക്ക് ഇഷ്‌ടമുള്ള സൗകര്യപ്രദമായ വസ്‌ത്രം ധരിക്കാൻ എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേൽപ്പിക്കുന്ന രീതി കേരളത്തിലെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല. താനും ഒരു അധ്യാപികയാണ്. കേരള വർമ്മയിൽ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാർ ധരിച്ച് പോകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.