തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കടുത്ത നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. നാലാം തീയതി സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഗവര്‍ണര്‍ ഉത്തരവിറക്കും.
എട്ട് വിസിമാരുടെയും നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്നാണ് രാജ്ഭവൻ നിലപാട്. അതുകൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നൽകിയ ശമ്പളം അനർഹമാണെന്നാണ് വിലയിരുത്തൽ. യുജിസി മാനദണ്ഡം ലംഘിച്ച് സെർച്ച് കമ്മറ്റി ഒറ്റ പേര് മാത്രം നിർദേശിച്ച എട്ട് വിസിമാർക്ക് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. നാളെയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.