തിരുവനന്തപുരം: വി.സി നിയമനത്തില്‍ ഗവര്‍ണറുമായി ഇടയാനില്ലെന്ന നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും. ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ ഓര്‍ഡിനന്‍സുകള്‍ അസാധുവായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ - മുന്നണി നീക്കം. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തില്‍ സ്‌തംഭനാവസ്ഥയില്ലെന്നും അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരുമെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ താത്‌പര്യത്തിന് മുന്തിയ പരിഗണന നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഏറ്റുമുട്ടലിനും ശത്രുതാമനോഭാവത്തിനും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉളള പ്രശ്‌നങ്ങള്‍ വസ്‌തുനിഷ്‌ഠമായി പരിശോധിച്ച് ചര്‍ച്ച ചെയ്‌ത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
'ബന്ധം ഊഷ്‌മളമാക്കും': വി.സി നിയമനത്തില്‍ ഗവര്‍ണറുമായി ഇടയാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് നടപടി സ്വീകരിക്കും. ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള ബന്ധം ഏറ്റവും ഊഷ്‌മളമായി നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള നീക്കങ്ങളാണ് നടക്കുന്നത്. അത് ശുഭപര്യവസായിയായി തീരുമെന്നും മന്ത്രി പറഞ്ഞു.
'മേയര്‍ വിവാദ'ത്തില്‍ പ്രതികരിച്ച് ഇ.പി: സംഘപരിവാറിന്‍റെ പരിപാടിയില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്ത സംഭവം പാര്‍ട്ടി ജില്ല കമ്മിറ്റി പരിശോധിക്കുമെന്നും ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിക്കവെ ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ഇ.പി തിരുവനന്തപുരത്ത് പറഞ്ഞു.