തിരുവനന്തപുരം : സര്‍ക്കാരുമായുള്ള പോരില്‍ വീണ്ടും അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിലുളള പ്രീതി നഷ്‌ടമായെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ പിണറായി വിജയന്‍ ഈ ആവശ്യം തള്ളി.
മന്ത്രിക്കെതിരെ ഭരണഘടനാപരമായി ഉചിതമായ നടപടി സ്വീകരിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. ഗവര്‍ണര്‍ കത്തില്‍ പറയും പ്രകാരം മന്ത്രിക്കെതിരെ ഗവര്‍ണറുടെ പ്രീതി പിന്‍വലിക്കാന്‍ തക്ക കാരണം കാണുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇതോടെ, ഗവര്‍ണര്‍ നല്‍കിയ മറ്റൊരു അന്ത്യശാസനം കൂടി സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് തള്ളിയത് ഗവര്‍ണര്‍ക്ക് തിരിച്ചടിയായി. മന്ത്രിയുടെ പ്രസംഗത്തിന്‍റെ പത്ര കട്ടിങ് അടക്കമാണ് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയത്.
'ഗവര്‍ണറുടെ അന്തസിനെ ഇകഴ്ത്തുന്നില്ല': യുപിയില്‍ നിന്നെത്തിയവര്‍ക്ക് കേരളത്തിലെ കാര്യങ്ങള്‍ മനസിലാകുന്നില്ലെന്ന മന്ത്രിയുടെ പ്രസംഗം മുന്‍നിര്‍ത്തിയാണ് കത്ത്. ഭരണഘടനയിലെ ചട്ടം 164 പ്രകാരം ഗവര്‍ണറുടെ പ്രീതിയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നത്. ഈ പ്രീതി നഷ്‌ടമായെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.
എന്നാല്‍, പ്രസംഗം ഗവര്‍ണര്‍ പദവിയുടെ അന്തസിനെ ഇകഴ്ത്തുന്നതല്ലെന്ന് വ്യക്തമാക്കി ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ രാജ്‌ഭവന്‍ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്നതില്‍ രാഷ്ട്രീയ കേരളത്തിന് ആകാംക്ഷയുണ്ട്. സര്‍ക്കാരുമായുള്ള പോരില്‍ ഒരിഞ്ച് പിന്നോട്ടുപോകില്ലെന്ന നിലപാടാണ് ഈ കടുത്ത നീക്കത്തിലൂടെ ഗവര്‍ണര്‍ മുന്നോട്ടുവയ്ക്കുന്നത്.
മന്ത്രിമാരുടെ വിമര്‍ശനം തുടര്‍ന്നാല്‍ അവരെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ട്വീറ്റ് ചെയ്‌തിരുന്നു. ഒന്‍പത് വിസിമാര്‍ ഒക്‌ടോബര്‍ 24ന് 11.30നുള്ളില്‍ രാജിവയ്ക്കണമെന്ന അന്ത്യശാസനമാണ് സര്‍ക്കാര്‍ ആദ്യം തള്ളിയത്. പിന്നാലെ അത് അന്ത്യശാസനമല്ലെന്നും നല്‍കിയത് കാരണം കാണിക്കല്‍ നോട്ടിസാണെന്നും ഗവര്‍ണര്‍ നിലപാടുമാറ്റിയിരുന്നു.