തിരുവനന്തപുരം : കേരളമുള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സർക്കാർ സ്‌പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കാന്‍ മന്ത്രിസഭ തീരുമാനം. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.
2021-22 വാർഷിക ബജറ്റിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിക്കുന്നത്. പ്രാരംഭ ചെലവിനായി ഒരു കോടി രൂപ വകയിരുത്തിയിരുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
കേരള സർക്കാരിനുവേണ്ടി കെഎഫ്‌സി, കെഎസ്എഫ്ഇ, കെഎസ്ഐഡിസി എന്നീ ഏജൻസികൾ, അല്ലെങ്കിൽ കേരള സർക്കാർ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നോ സംയുക്തമായി സ്‌പോൺസർ ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തിൽ പ്രവർത്തിക്കുന്നതോ പ്രവർത്തനത്തിന്‍റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാർട്ടപ്പുകൾക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക.