തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാ സൗകര്യം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണ് മുഖ്യമന്ത്രി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഓക്‌സിജന്‍ ആവശ്യം വര്‍ധിക്കുകയാണ്. ഇത് പരിഹരിക്കാന്‍ അടിയന്തര സഹായം വേണം. വിദേശത്ത് നിന്നും ലഭിക്കുന്ന മെഡിക്കല്‍ ഓക്‌സിജന്‍ കേരളത്തിനും ലഭ്യമാക്കണം. ഓക്‌സിജന്‍ കരുതി വയ്ക്കുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ഓക്‌സിജന്‍ ടാങ്കറുകളും സിലിണ്ടറുകളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് വെന്‍റിലേറ്റര്‍ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെന്‍റിലേറ്ററുകള്‍ അനുവദിക്കണം. കേരളത്തില്‍ വാക്‌സിനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഡോസ് വാക്‌സിനായി നിരവധി പേര്‍ കാത്ത് നില്‍ക്കുന്ന സാഹചര്യമുണ്ട്. അതിനാല്‍ത്തന്നെ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണം. 50 ലക്ഷം ഡോസ് കൊവീഷീല്‍ഡും 25 ലക്ഷം ഡോസ് കൊവാക്സിനും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് സ്ഥിതി ഗുരുതരമായി തുടരുന്നു, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി