തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്താനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്‌ച നടത്തും. ഇന്ന് (സെപ്‌റ്റംബര്‍ 19) രാവിലെ 11 മണിക്കാണ് ചീഫ് സെക്രട്ടറി വിപി ജോയിയ്‌ക്ക് നേരിട്ടുകാണാന്‍ ഗവര്‍ണര്‍ സമയം നല്‍കിയത്. ലഹരിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബോധവത്‌കരണത്തിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണുന്നത്.
സര്‍ക്കാരുമായുള്ള പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഈ ക്ഷണം ഗവര്‍ണര്‍ സ്വീകരിക്കുമോയെന്നത് സംശയമാണ്. ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്‌ച ഗവര്‍ണറെ അനുനയിപ്പിക്കാനായല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തികച്ചും ഔദ്യോഗികമായ കാര്യത്തിനായുള്ള കൂടിക്കാഴ്‌ചയെന്നാണ് വിശദീകരണം. എന്നാല്‍, നിലവില്‍ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതിനിടയിലെ തിരക്കിട്ട കൂടിക്കാഴ്‌ചയ്ക്ക് പിന്നില്‍ അനുനയ ശ്രമമാണെന്നും വിലയിരുത്തലുണ്ട്.
ALSO READ| ഏറ്റുമുട്ടാനുറച്ച് ഗവര്‍ണര്‍; ഇന്ന് മാധ്യമങ്ങളെ കാണും, നിര്‍ണായക രേഖകള്‍ പുറത്തു വിടും
നേരത്തെ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായ ഘട്ടത്തിലെല്ലാം സര്‍ക്കാര്‍ ഭാഗത്തു നിന്നും അനുനയ ശ്രമമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും ഇടതുനേതാക്കളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇത് അനുനയ നീക്കങ്ങളെ സാരമായി ബാധിക്കുന്നതാണ്.